
കോഴിക്കോട്: മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ ബുധനാഴ്ച ഹാജരാകുമെന്ന് സുരേഷ്ഗോപി. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലാണ് ഹാജരാകുക. ബുധനാഴ്ച തന്നെ സുരേഷ് ഗോപിയുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. 18ന് മുമ്പ് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് പൊലീസ് നോട്ടീസ് അയച്ചിരുന്നു.
മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയിലാണ് 354 എ വകുപ്പ് പ്രകാരമാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരിക്കുന്നത്. സുരേഷ് ഗോപി മോശം ഉദ്ദേശത്തോടെ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തില്‍ പെരുമാറി എന്നാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ക്കു നല്‍കിയ പരാതിയില്‍ മാധ്യമപ്രവര്‍ത്തക പറയുന്നത്.
ഒക്ടോബർ 27നാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിനിടയില്‍ സുരേഷ് ഗോപി വനിതാ റിപ്പോര്‍ട്ടറുടെ തോളില്‍ കൈവയ്ക്കുകയായിരുന്നു. ഒഴിഞ്ഞുമാറിയിട്ടും വീണ്ടും ഇത് ആവര്‍ത്തിച്ചു. ഈ ദൃശ്യങ്ങള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും വിവാദമാകുകയും ചെയ്തിരുന്നു. ‘ചോദ്യം ചോദിച്ചപ്പോള്‍ സുരേഷ് ഗോപി തോളില്‍ തഴുകി. പെട്ടെന്ന് ഷോക്ക് ആയി. പിന്നോട്ട് വലിഞ്ഞു. വീണ്ടും സുരേഷ് ഗോപി തോളില്‍ കൈവെച്ചു. ഇത് മാനസികമായി ഏറെ ആഘാതം ഉണ്ടാക്കിയെന്നും മാധ്യമപ്രവര്‍ത്തക പറഞ്ഞിരുന്നു.
‘ഒട്ടും സഹിക്കാന്‍ പറ്റാത്ത കാര്യമാണ് താന്‍ നേരിട്ടത്. മാനസികമായി ഒരുപാട് വിഷമമുണ്ടാക്കി. സുരേഷ് ഗോപിയുടേത് ശരിയായ പ്രവണതയല്ല. പതിനഞ്ച് വര്‍ഷത്തിലധികമായി താന്‍ മാധ്യമരംഗത്തുണ്ട്. ശരിക്കും ഈ വിഷയം അഡ്രസ് ചെയ്യപ്പെടേണ്ടതുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് നിയമനടപടിയുമായി മുന്നോട്ടുപോകുന്നതെന്നും മാധ്യമപ്രവര്‍ത്തക പറഞ്ഞിരുന്നു.