രക്ഷാപ്രവര്‍ത്തനം ഒന്‍പതാം ദിവസം; അന്താരാഷ്ട്ര ടണലിങ് വിദഗ്ധന്‍ അര്‍നോള്‍ഡ് ഡിക്സ് സ്ഥലത്തെത്തി

ഡെറാഢൂണ്‍: ഉത്തരാഖണ്ഡിലെ സില്‍ക്യാര-ദന്തല്‍ഗാവ് തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാനുള്ള പരിശ്രമം ഒന്‍പതാം ദിവസവും തുടരുകയാണ്.
രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുന്നതിനും ഏകോപ്പിക്കുന്നതിനുമായി അന്താരാഷ്ട്ര ടണലിങ് വിദഗ്ധന്‍ അര്‍നോള്‍ഡ് ഡിക്സ് സ്ഥലത്തെത്തി. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ എത്രയും വേഗം പുറത്തെത്തിക്കുമെന്നും തങ്ങളുടെ മുഴുവന്‍ ടീമും ഇവിടെ അതിനായി കൃത്യതയോടെ ജോലി ചെയ്യുന്നുവെന്നും ഡിക്‌സ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ടണലിനകത്ത് കുടുങ്ങിയവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കാനും അവരുമായി ആശയവിനിമയം നടത്താനും സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മെഡിക്കല്‍സംഘം പൈപ്പ് വഴി അവരോടു സംസാരിച്ചു. മരുന്നുകളും വൈറ്റമിന്‍ ഗുളികകളും എത്തിച്ചു. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്ക് കൂടുതല്‍ ഭക്ഷണമെത്തിക്കാന്‍ 6 ഇഞ്ച് വ്യാസമുള്ള ചെറു പൈപ്പ് ഇന്നലെ സജ്ജമാക്കിയിരുന്നു. ഇതിലൂടെ റൊട്ടി, പരിപ്പ് കറി എന്നിവ പായ്ക്കറ്റിലാക്കി, കുഴലില്‍ ശക്തമായി കാറ്റടിപ്പിച്ച് തൊഴിലാളികളിലേക്ക് എത്തിച്ചു. അതേസമയം രക്ഷാദൗത്യം ഒന്‍പത് ദിവസം പിന്നിട്ടിരിക്കുന്നതിനാല്‍ തൊഴിലാളികളുടെ ആരോഗ്യനില മോശമായേക്കുമെന്ന് ആശങ്കയുണ്ട്.

മലമുകളില്‍ നിന്നു തുരന്നു താഴേക്കിറങ്ങി ഉള്ളില്‍ കടക്കാനാണ് നീക്കം. ഇതിനുള്ള യന്ത്രസാമഗ്രികള്‍ മലമുകളിലെത്തിക്കാന്‍ റോഡ് വെട്ടുന്ന പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അതേസമയം, മുകളില്‍ നിന്നു 120 മീറ്ററോളം തുരന്നിറങ്ങുമ്പോള്‍ താഴെ തുരങ്കം ഇടിയാന്‍ സാധ്യതയുണ്ടെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് റോബോട്ടിന്റെ സഹായവും തേടിയിട്ടുണ്ട്. തുരങ്കത്തിന്റെ മേല്‍ക്കൂരയ്ക്കും അവശിഷ്ടങ്ങള്‍ക്കും ഇടയിലുള്ള നേര്‍ത്ത വിടവിലൂടെ ക്യാമറ ഘടിപ്പിച്ച ചെറു റോബോട്ടിനെ കടത്തിവിട്ട് അപ്പുറമുള്ള സാഹചര്യങ്ങളും തൊഴിലാളികളുടെ തല്‍സമയ ദൃശ്യങ്ങളും പരിശോധിക്കാനാണു നീക്കം.

More Stories from this section

family-dental
witywide