
വാഷിങ്ടണ്‍: ഇന്ത്യയിൽ ഇന്റർനെറ്റ് സ്വാതന്ത്യം കുറയുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും നിഷ്ഠൂര നിയമങ്ങള്‍ ഉപയോഗിച്ചും ആര്‍ട്ടിഫിഷല്‍ ഇൻ്‍റ്റലിജൻസ് സംവിധാനങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചും സെൻസർഷിപ്പ് നടപ്പാക്കുന്നതായി അമേരിക്കൻ സ്വതന്ത്ര ഏജൻസിയായ ‘ഫ്രീഡം ഹൗസ്’ റിപ്പോർട്ട് .
ഇൻറർനെറ്റ് കണക്റ്റിവിറ്റി നിയന്ത്രണങ്ങൾ, സമൂഹമാധ്യമങ്ങളിലെ നിയന്ത്രണങ്ങൾ, വെബ്സൈറ്റുകൾ- വി പി എൻ എന്നിവ ബ്ലോക്ക് ചെയ്യൽ, നിർബന്ധിച്ച് ഉള്ളടക്കം നീക്കം ചെയ്യിക്കൽ എന്നിങ്ങനെ അഞ്ച് സെൻസർഷിപ്പ് രീതികൾ ഉപയോഗിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് ഇന്റർനെറ്റ് സ്വാതന്ത്യം വിലയിരുത്തിയത്. ലോകത്തിലെ ഇന്റർനെറ്റ് ഉപയോക്താക്കളുടെ 88 ശതമാനം വരുന്ന 70 രാജ്യങ്ങളിലെ 2022 ജൂൺ മുതൽ 2023 മേയ് വരെയുള്ള സംഭവവികാസങ്ങൾ ഉൾക്കൊള്ളിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയകൾക്ക് അവയുടെ ഉള്ളടക്കങ്ങൾക്കായി ഐടി നിയമങ്ങൾ (ഇന്റർമീഡിയറി മാർഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും) ആവശ്യമാണെന്നും റിപ്പോർട്ട് പറയുന്നു. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തെ വംശഹത്യയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിക്ക് ഇന്ത്യയിൽ നിയന്ത്രിക്കാനായി യുട്യൂബ്, ട്വിറ്റർ എന്നിവയ്ക്ക് സർക്കാർ നൽകിയ ഉത്തരവും റിപ്പോര്‍ട്ടില്‍ ഉദ്ധരിക്കുന്നുണ്ട്.
ഭരണകക്ഷിയെക്കുറിച്ചുള്ള വിമർശനങ്ങളും സ്വതന്ത്രമായ റിപ്പോർട്ടിങ്ങും 2024 ലെ പൊതുതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സെൻസർഷിപ്പ് ഉപയോഗിച്ച് ഭരണകൂടം നിശ്ശബ്ദമാക്കിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
രാഷ്ട്രീയമോ സാമൂഹികമോ മതപരമോ ആയ ഉള്ളടക്കം ഹോസ്റ്റുചെയ്യുന്ന വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യുക’, ഐസിടി നെറ്റ്‌വർക്കുകൾ മനഃപൂർവം തടസ്സപ്പെടുത്തുക, ഓൺലൈൻ ചർച്ചകൾ കൈകാര്യം ചെയ്യാൻ സർക്കാർ അനുകൂല വക്താക്കളെ ഉപയോഗിക്കുക, ‘സർക്കാർ വിമർശകർക്കോ മനുഷ്യാവകാശ സംഘടനകൾക്കോ എതിരെ സാങ്കേതിക ആക്രമണം’ എന്നിവ ഇന്ത്യയിൽ നടക്കാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു
.അതേസമയം ലോകത്തിലെ ഏറ്റവും മികച്ച ഇന്റർനെറ്റ് സ്വാതന്ത്യമുള്ള രാജ്യമായി ഐസ്‌ലൻഡിനെയാണ് തെരഞ്ഞെടുത്തത്. നൂറിൽ 94 പോയിന്റാണ് ഐസ്‌ലൻഡ് നേടിയത്. ഇറാനിലാണ് ഡിജിറ്റൽ അടിച്ചമർത്തൽ ഏറ്റവും രൂക്ഷം. ചൈന തുടർച്ചയായ ഒമ്പതാം വർഷവും ഇന്റർനെറ്റ് സ്വാതന്ത്ര്യത്തിന് ലോകത്തിലെ ഏറ്റവും മോശം അന്തരീക്ഷമുള്ള രാജ്യമായി.
മ്യാൻമറാണ് ഓൺലൈൻ സ്വാതന്ത്ര്യം ലോകത്തിൽ ഏറ്റവും കൂടുതൽ അടിച്ചമർത്തുന്ന രണ്ടാമത്തെ രാജ്യം.ഇന്റർനെറ്റ് സ്വാതന്ത്യത്തിൽ 50 പോയിന്റാണ് ഇന്ത്യ സ്വന്തമാക്കിയത്. തുടർച്ചയായ 13-ാം വർഷമാണ് ആഗോള ഇന്റർനെറ്റ് സ്വാതന്ത്ര്യം കുറഞ്ഞത്. 29 രാജ്യങ്ങളിൽ ഓൺലൈനിൽ മനുഷ്യാവകാശങ്ങൾക്കായുള്ള പരിസ്ഥിതി വഷളാണെന്നും 20 രാജ്യങ്ങൾ മാത്രമാണ് നിലമെച്ചപ്പെടുത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.