
ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ തീവ്രവാദി കരണ്‍വീര്‍ സിങ്ങിന് എതിരെ ഇൻ്റര്‍പോളിന്റെ റെഡ്കോര്‍ണര്‍ നോട്ടിസ്. ബബ്ബര്‍ ഖല്‍സ ഇൻ്റര്‍ നാഷനല്‍ എന്ന തീവ്രവാദി ഗ്ര3ൂപ്പിലെ അംഗമാണ്. പഞ്ചാബിലെ കപൂര്‍ത്തല സ്വദേശിയായ ഇയാള്‍ നിലവില്‍ പാക്കിസ്ഥാനില്‍ ഒളിവിലാണെന്നാണ് വിവരം. കൊലപാതകം, തീവ്രവാദം, ആയുധനിയമലംഘനം തുടങ്ങിയ ആരോപണങ്ങളാണ് ഇൻ്റര്‍പോള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം , സമൂഹ മാധ്യമങ്ങളിലെ കാനഡ വിരുദ്ധ പ്രചാരണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഇന്ത്യയില്‍കഴിയുന്ന കനേഡിയന്‍ പൗരന്മാരോട് ജാഗ്രത പുലര്‍ത്തണമെന്ന് കാനഡ നിര്‍ദേശിച്ചു.
സിഖ്സ് ഫോര്‍ ജസ്റ്റിസ് എന്ന ഖലിസ്ഥാന്‍ വാദി സംഘടനയുടെ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനും കോണ്‍സുലേറ്റുകള്‍ക്കും സുരക്ഷ വര്‍ധിപ്പിച്ചു.തീവ്രവാദി നേതാവ് ഗുര്‍പട് വന്ദ് സിങ് പന്നുവിന്റെ വിഡിയോ സന്ദേശത്തില്‍ ഇന്ത്യയ്ക്ക് എതിരെ ഭീഷണി മുഴക്കുകയും ഖലിസ്ഥാന്‍ അനുകൂല ഹിതപരിശോധന നത്തുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. നിജ്ജാറിന്റെ മരണത്തിന് കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷ്ണര്‍ സഞ്ജയ് വര്‍മയാണോ ഉത്തരവാദി എന്നാണ് ഹിതപരിശോധനയിലെ ചോദ്യം.
ഖലിസ്ഥാനി നേതാവ് ലന്‍ഡ എന്ന ലഖ്ബീര്‍ സിങ് സന്ധുവിന് ബന്ധമുള്ള 48 ഇടങ്ങളില്‍ പഞ്ചാബ് പൊലീസ് റെയ്ഡ് നടത്തി.
കാനഡ നയതന്ത്ര വിഷയത്തില്‍ ഇന്ത്യയെ ശ്രീലങ്ക പിന്തുണ അറിയിച്ചു.ഇന്ത്യയുടെ നിലപാട് ഉറച്ചതാണെന്ന് ഇന്ത്യയിലെ ശ്രീലങ്കന്‍ ഹൈകമ്മിഷ്ണര്‍ മിലിന്‍ഡ മൊറഗോഡ പറഞ്ഞു.