
ന്യൂഡൽഹി: ഹരിയാനയിലെ 19കാരനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ച് ഇന്റർപോൾ. ഗുണ്ടാസംഘത്തിന്റെ നേതാവാണ് 19വയസുള്ള ഹരിയാന സ്വദേശിയായ യോഗേഷ് കദ്യാൻ. കദ്യാനെതിരെ കൊലപാതകശ്രമത്തിനും ക്രിമിനൽ ഗൂഢാലോചനക്കും ആയുധം കൈവശം വെച്ചതിനുമാണ് കേസ്.
രണ്ടുവർഷം മുൻപ് ഇന്ത്യയിൽ നിന്ന് രക്ഷപ്പെട്ട കദ്യാൻ യുഎസിൽ അഭയം തേടിയിരിക്കുകയാണ്. യോഗേഷ് കദ്യാൻ എതിരാളിയായ ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയെ താഴെയിറക്കാൻ നേതൃത്വം നൽകുന്ന സംഘത്തിന്റെ ഭാഗമാണെന്ന് വൃത്തങ്ങൾ അറിയിച്ചു.
നിരവധി ഗുണ്ടാസംഘത്തലവൻമാർ വ്യാജപാസ്പോർട്ടിൽ ഇന്ത്യ വിട്ടതായി എൻ.ഐ.എയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വ്യാജപാസ്പോർട്ട് ഉപയോഗിച്ചാണ് കദ്യാനും യുഎസിലേക്ക് കടന്നതെന്നാണ് കരുതുന്നത്.
നിലവിൽ യുഎസിലെ ബബിൻഹ സംഘത്തിന്റെ ഭാഗമായ കദ്യൻ അത്യാധുനിക ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ വിദഗ്ധനാണ് എന്നാണ് റിപ്പോർട്ട്. ബംബിഹ സംഘവുമായും ഖാലിസ്ഥാൻ ഭീകരരുമായും ഇയാൾക്ക് ബന്ധമുണ്ടെന്ന് വൃത്തങ്ങൾ പറയുന്നു. ഖാലിസ്ഥാനി ബന്ധം അന്വേഷിക്കാൻ, ഇയാളുടെ വീടും ഇന്ത്യയിലെ അറിയപ്പെടുന്ന ഒളിത്താവളങ്ങളും അടുത്തിടെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റെയ്ഡ് ചെയ്തിരുന്നു.
ഗുണ്ടാസംഘത്തെ കുറിച്ച് വിവരം നൽകുന്നവർക്ക് 1.5 ലക്ഷം രൂപ പാരിതോഷികവും കദ്യനെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്റർപോളിന്റെ അംഗരാജ്യങ്ങളിലെ നിയമ നിർവ്വഹണ അധികാരികളോട് ഒരു വ്യക്തിയെ കൈമാറ്റം, കീഴടങ്ങൽ അല്ലെങ്കിൽ സമാനമായ ഒരു നിയമനടപടി നടക്കുന്നത് വരെ കണ്ടെത്തി താൽക്കാലികമായി തടങ്കലിൽ വയ്ക്കാനുള്ള അഭ്യർത്ഥനയാണ് റെഡ് കോർണർ നോട്ടീസ്.