നിരവധി സ്മാർട്ട്‌ഫോണുകളുടെ ലോഞ്ചിന് വിപണി സാക്ഷ്യം വഹിക്കുന്നുണ്ടെങ്കിലും ആപ്പിൾ ആരാധകർ ഈ വർഷം പുറത്തിറക്കാൻ പോകുന്ന ഐഫോൺ 15 സീരീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ആപ്പിൾ ഈ വർഷം സെപ്റ്റംബറിൽ പുതിയ മോഡലുകളായ ഐഫോണ്‍ 15, ഐഫോണ്‍ 15 പ്രോ സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കിയേക്കും.
ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നിവയ്ക്കില്ലാത്ത ഒരു സവിശേഷതയുമായായിരിക്കും സ്റ്റാൻഡേർഡ് മോഡലായ ഐഫോൺ 15 എത്തുന്നത് എന്നാണ് ഏറ്റവും പുതിയ വിവരം. ഇപ്പോൾ ഐഫോൺ 15 സ്റ്റാൻഡേർഡ് പതിപ്പുകളിൽ രണ്ടെണ്ണത്തിൽ പുതിയ 48 എംപി ക്യാമറകൾ ഉണ്ടായേക്കും.
ഐഫോണ്‍ 15 സീരീസില്‍ ഫോണിന്റെ ഡിസ്പ്ലേയ്ക്ക് ചുറ്റും ചെറുതായി വളഞ്ഞ എഡ്ജുകളും കനം കുറഞ്ഞ ബെസലുകളുമുള്ള ഒരു പുതിയ ഡിസൈനാവും ഉണ്ടാവുക. ഐഫോണ്‍ 14 പ്രോയ്ക്ക് സമാനമായി ഐഫോണ്‍ 15, 15 പ്ലസ് എന്നിവയ്ക്ക് എ16 ബയോണിക് ചിപ്പ് നല്‍കാനാണ് സാധ്യത. ഐഫോണ്‍ 15 പ്രോ, 15 പ്രോ മാക്സ് എന്നിവയില്‍ പുതിയ എ17 ചിപ്പ് അവതരിപ്പിക്കും.
ഐഫോൺ 15 പ്രോ മാക്സ് വേരിയന്റിൽ ഒരു പെരിസ്കോപ്പ് ലെൻസ് നൽകാൻ സാധ്യതയുണ്ട്. ഇത് 5-6x വരെ ഒപ്റ്റിക്കൽ സൂം നൽകും. ഐഫോൺ 15 പ്രോ മോഡലിൽ ഈ പെരിസ്കോപ്പ് ലെൻസ് ഉണ്ടാകില്ലെന്നാണ് സൂചനകൾ. ഐഫോൺ 14 പ്രോ മാക്സ് നിലവിൽ 3x ഒപ്റ്റിക്കൽ സൂം നൽകുന്നുണ്ട്. ഈ സവിശേഷത ഐഫോൺ 15 പ്രോ വേരിയന്റിലും നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ പ്രോ മോഡലുകൾ സോണിയിൽ നിന്നുള്ള മെച്ചപ്പെടുത്തിയ റിയർ-ക്യാമറ LiDAR സ്കാനർ ഉപയോഗിക്കുമെന്നും സൂചനകളുണ്ട്.