
ടെഹ്റാൻ: ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് കാരണമായ കുര്‍ദിഷ്-ഇറാന്‍ വനിത മഹ്സ അമിനിയുടെ കസ്റ്റഡി മരണത്തെക്കുറിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്തതിന് ഇറാനിയൻ റെവല്യൂഷണറി കോടതി രണ്ട് വനിതാ മാധ്യമപ്രവർത്തകർക്ക് ദീർഘകാല തടവ് ശിക്ഷ വിധിച്ചതായി ഇറാനിലെ മാധ്യമങ്ങൾ ഞായറാഴ്ച റിപ്പോർട്ട് ചെയ്തു.
യുഎസ് ഗവൺമെന്റുമായി സഹകരിച്ച് ദേശീയ സുരക്ഷയ്‌ക്കെതിരായി പ്രവർത്തിച്ചതുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി നിലൂഫർ ഹമീദിയെയും ഇലാഹെ മുഹമ്മദിയെയും യഥാക്രമം 13, 12 വർഷം തടവിന് ശിക്ഷിച്ചതായി ഇറാൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി ഐആർഎൻഎ അറിയിച്ചു. രണ്ട് മാധ്യമപ്രവർത്തകരുടെയും അഭിഭാഷകർ കുറ്റം നിഷേധിച്ചു.
“യുഎസ് സർക്കാരുമായി സഹകരിച്ചതിന് അവർക്ക് യഥാക്രമം ഏഴ് വർഷവും ആറ് വർഷവും ലഭിച്ചു. ദേശീയ സുരക്ഷയ്‌ക്കെതിരെ പ്രവർത്തിച്ചതിന് അഞ്ച് വർഷം വീതവും വ്യവസ്ഥയ്‌ക്കെതിരായ പ്രചരണത്തിന് ഓരോ വർഷവും തടവും,” ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.
ഹിജാബ് ശരിയായി ധരിക്കാത്തതിന് 22 കാരിയായ മഹ്‌സ അമിനിയെ ഇറാന്റെ മതകാര്യ പോലീസ് 2022 സെപ്റ്റംബറിലാണ് അറസ്റ്റ് ചെയ്തത്. രാജ്യത്തിന്റെ ഹിജാബ് ചട്ടങ്ങള്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലിരിക്കെ മഹ്സയെ സദാചാര പോലീസ് ചമഞ്ഞവര്‍ കൊലപ്പെടുത്തി. പിന്നാലെ ഹിജാബിനെതിരെയും മതകാര്യ പോലീസിനെതിരെയും പ്രതിഷേധവുമായി സ്ത്രീകള്‍ തെരുവിലിറങ്ങുകയും ഇവരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സ്ത്രീകളുടെ ഈ പോരാട്ടം മതകാര്യ പൊലീസിനെ പിരിച്ച് വിടാന്‍ ഇറാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കി.















