
ടെഹ്റാൻ: ഇറാനിയൻ നവതരംഗ സിനിമകളുടെ അമരക്കാരൻ, പ്രശസ്ത ഇറാനിയൻ സിനിമ സംവിധായകൻ ദാരിയുഷ് മെർജുഇയേയും(83 വയസ്സ്) ഭാര്യയെയും ടെഹ്റാനിലെ വീടിനുള്ളിൽ കുത്തേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.കഴുത്തിന് കുത്തേറ്റ നിലയിൽ വീടിനുള്ളിലായിരുന്നു ഇരുവരെയും കണ്ടെത്തിയത് എന്ന് ജുഡീഷ്യൽ ഓഫിസറിനെ ഉദ്ധരിച്ച് ഇറാന്റെ ഔദ്യോഗിക വാർത്ത ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.
മാതാപിതാക്കളെ സന്ദർശിക്കാനെത്തിയ മകളാണ് ശനിയാഴ്ച ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. പ്രതിയെക്കുറിച്ചോ കൊലപാതകത്തിന് പിന്നിലെ കാരണമോ ഇതുവരെ കണ്ടെത്തിയിട്ടില്ല. അതേസമയം, കുത്തികൊലപ്പെടുത്തുമെന്ന ഭീഷണി സമൂഹമാധ്യമത്തിൽ വന്നതായി അദ്ദേഹത്തിന്റെ ഭാര്യ കുറച്ചാഴ്ചകൾക്ക് മുൻപ് പരാതിപ്പെട്ടിരുന്നു. ഇവയെല്ലാം കേന്ദ്രീകരിച്ച് നിലവിൽ അന്വേഷണം നടക്കുകയാണ്.
1970കളിൽ നിരവധി സിനിമകൾ സംവിധാനം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ ‘ദ കൗ’ ആണ് ഇറാനിയൻ നവതരംഗ സിനിമകളുടെ തുടക്കമായി കണക്കാക്കപ്പെടുന്നത്. ഇറാനിയൻ-വിദേശ നോവലുകൾ നാടകങ്ങൾ എന്നീ സാഹിത്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അദ്ദേഹം മിക്ക സിനിമകളും സംവിധാനം ചെയ്തിരിക്കുന്നത്. 2019ൽ പുറത്തിറങ്ങിയ ‘ലാമിനോർ’ ആണ് മെർജുഇയുടെ അവസാന ചിത്രം.1960 കളുടെ തുടക്കത്തിൽ ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്നായിരുന്നു സിനിമ പ്രോഗ്രമിൽ അദ്ദേഹം പഠനം പൂർത്തിയാക്കിയത്.
1998 ലെ ചിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്ന് സിൽവർ ഹ്യൂഗോയും 1993 ലെ സാൻ സെബാസ്റ്റിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ സീഷെലും ഉൾപ്പെടെ നിരവധി അവാർഡുകൾ അദ്ദേഹം നേടിയിരുന്നു.
Iran’s most important film-maker Dariush Mehrjui, was stabbed to death