‘ഇതിന്റെയൊക്കെ ആവശ്യമുണ്ടോ?’; വിദേശത്ത് പോയി വിവാഹം കഴിക്കുന്ന സമ്പ്രദായം അവസാനിപ്പിക്കണമെന്ന് മോദി

ന്യൂഡൽഹി: ചില വലിയ കുടുംബങ്ങൾ വിദേശത്ത് വിവാഹങ്ങൾ നടത്തുന്ന പ്രവണതയിൽ ആശങ്കയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ പണം അതിന്റെ തീരത്ത് നിന്ന് പോകാതിരിക്കാൻ അത്തരം ആഘോഷങ്ങൾ ഇന്ത്യൻ മണ്ണിൽ നടത്തണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു.

തന്റെ മൻ കി ബാത്ത് റേഡിയോ പ്രക്ഷേപണത്തിലാണ്, പ്രധാനമന്ത്രി മോദി ഇക്കാര്യം പറഞ്ഞത്. വിവാഹങ്ങൾക്കായി ഷോപ്പിംഗ് നടത്തുമ്പോൾ ആളുകൾ ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന് അദ്ദേഹം പറഞ്ഞു.

“വിവാഹ സീസണും ഇപ്പോൾ ആരംഭിച്ചിരിക്കുന്നു. ഈ വിവാഹ സീസണിൽ ഏകദേശം 5 ലക്ഷം കോടി രൂപയുടെ ബിസിനസ്സ് നടക്കുമെന്ന് ചില വ്യാപാര സംഘടനകൾ കണക്കാക്കുന്നു. വിവാഹങ്ങൾക്കായി ഷോപ്പിംഗ് നടത്തുമ്പോൾ, നിങ്ങൾ എല്ലാവരും ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾക്ക് മാത്രം പ്രാധാന്യം നൽകണം.” അദ്ദേഹം പറഞ്ഞു.

“ഒരു കാര്യം എന്നെ വളരെക്കാലമായി അലട്ടുന്നു… എന്റെ ഹൃദയവേദന എന്റെ കുടുംബാംഗങ്ങളോട് തുറന്നു പറഞ്ഞില്ലെങ്കിൽ, ഞാൻ മറ്റാരോടു പറയും. ഒന്ന് ആലോചിച്ചു നോക്കൂ… ഇപ്പോൾ ചിലർ വിദേശരാജ്യങ്ങളിൽ പോയി വിവാഹം കഴിക്കുന്ന സമ്പ്രദായം കൂടി വരികയാണ് നമ്മുടെ രാജ്യത്ത്. ഇത് അനിവാര്യമായ സംഗതിയാണോ​? നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള വിവാഹചടങ്ങുകൾ നടത്താൻ ഇന്ത്യയിൽ സൗകര്യമില്ലായിരിക്കാം. എന്നാൽ ശ്രമിച്ചാൽ അതിനു കഴിയുന്നതേയുള്ളൂ.” വലിയ കുടുംബങ്ങളുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും മോദി ചൂണ്ടിക്കാട്ടി.

ഇന്ത്യൻ മണ്ണിൽ ആളുകൾ വിവാഹാഘോഷങ്ങൾ നടത്തുകയാണെങ്കിൽ, രാജ്യത്തെ ജനങ്ങൾക്കിടയിൽ, രാജ്യത്തിന്റെ പണം രാജ്യത്ത് തുടരുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

More Stories from this section

family-dental
witywide