കേരളത്തിൽ ക്ഷേത്രം കൊള്ളയടിക്കാനും പുരോഹിതനെ വധിക്കാനും ഐഎസ് പദ്ധതിയിട്ടെന്ന് എൻഐഎ;  ‘പെറ്റ് ലവേഴ്സ്’ എന്ന ടെലിഗ്രാം ഗ്രൂപ്പ് രൂപീകരിച്ച് പ്രവർത്തനം

കൊച്ചി: കേരളത്തിൽ ഭീകരാക്രമണത്തിനും ആരാധനാലയങ്ങൾ കൊള്ളയടിക്കാനും പദ്ധതിയിട്ടിരുന്നതായി എൻഐഎ അറസറ്റ് ചെയ്ത ഐഎസ് ഭീകരൻ നബീലിന്റെ മൊഴി. ‘പെറ്റ് ലവേഴ്സ്’ എന്ന ടെലിഗ്രാം ഗ്രൂപ്പ് രൂപീകരിച്ചായിരുന്നു കേരളത്തിൽ ഐഎസ് പ്രവർത്തനം ശക്തിപ്പെടുത്താനുള്ള ആലോചനകൾ നടത്തിയതെന്നും ദേശീയ അന്വേഷണ ഏജൻസി പുറത്തുവിട്ട റിപ്പോർട്ടുകളിൽ പറയുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് ചെന്നൈയില്‍ നിന്ന് നബീൽ എന്‍ഐഎ സംഘത്തിന്റെ പിടിയിലായത്. കര്‍ണാടകയിലും തമിഴ്‌നാട്ടിലുമായി ഒളിവില്‍ കഴിയുകയായിരുന്നു മലയാളിയായ നബീല്‍. കേരളത്തിലെ ഐഎസ് മൊഡ്യൂളിന്റെ പ്രധാനികളില്‍ ഒരാളാണ് നബീലെന്ന് എന്‍ഐഎ കണ്ടെത്തി. നബീലിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തതിൽ നിന്നാണ് എൻഐഎക്ക് കേരളത്തിലെ നീക്കങ്ങൾ സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചത്.

നബീലിനെ ഈ മാസം 16 വരെ കോടതി എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഭീകരാക്രമണത്തിന് പദ്ധതിയിട്ടതില്‍ നബീലിന് മുഖ്യ പങ്കെന്ന് എന്‍ഐഎ കോടതിയില്‍ അറിയിച്ചിരുന്നു. ക്രൈസ്തവ മതപണ്ഡിതനെ വധിക്കാൻ പദ്ധതിയിട്ടിരുന്നതായും, തങ്ങളുടെ പ്രവർത്തനത്തിന് പണം കണ്ടെത്താനായി തൃശൂർ, പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും ആലോചിച്ചിരുന്നതായി നബീൽ മൊഴി നൽകിയെന്ന് എൻഐഎ സംഘം റിപ്പോർട്ട് ചെയ്യുന്നു. ഇതിനായി പദ്ധതി തയ്യാറാക്കിയെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്.

തൃശൂർ സ്വദേശിയായ നബീൽ അഹമ്മദ് ആണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്. നബീൽ നേരത്തെ ഖത്തറിലുണ്ടായിരുന്നു. ഇവിടെ വച്ചാണ് ഇസ്ലാമിക് സ്റ്റേറ്റ് സംഘങ്ങളുമായി ഇയാൾ ബന്ധം സ്ഥാപിച്ചത്. ഈ സംഘത്തിന്റെ സഹായത്തോടെയായിരുന്നു കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവർത്തനം ശക്തിപ്പെടുത്താനുള്ള ആലോചന തുടങ്ങിയതെന്ന് എൻഐഎ പറയുന്നു. നേരത്തെ മലയാളി ഐഎസ് ഭീകരരായ ആഷിഫും, ഷിയാസ് സിദ്ദിഖും പിടിയിലായിരുന്നു. കേസില്‍ രണ്ടാം പ്രതിയാണ് നബീല്‍.

More Stories from this section

family-dental
witywide