
ഗാസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. വടക്കൻ ഗാസയിൽനിന്നുള്ളവരടക്കം കേന്ദ്രീകരിച്ചിരിക്കുന്ന തെക്കൻ ഗാസയിലേക്കാണ് ആക്രമണം വ്യാപിപ്പിച്ചത്. ഇതോടെ എങ്ങോട്ട് പോകുമെന്ന ആശങ്കയിലാണ് ജനങ്ങൾ.
അതേസമയം യുദ്ധം പൂർണമായി നിർത്താതെ ഇനി ഒരു തരത്തിലുമുള്ള ചർച്ചകൾക്കുമില്ല എന്ന് ഹമാസ് വ്യക്തമാക്കി. അതിനർഥം യുദ്ധം ഇനിയും നീണ്ടുപോകും എന്നു തന്നെയാണ്. രോഗവും മരണവും നാശവും കാരണം ഗാസ ദുരിതത്തിൻ്റെ പരകോടിയിലാണ് എന്ന് യുഎൻ വ്യക്തമാക്കുന്നു.
ഗാസയിലുടനീളം നാനൂറിലധികം ഇടങ്ങൾ ഒറ്റരാത്രികൊണ്ട് ആക്രമിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു. യുദ്ധം പുനരാരംഭിച്ചശേഷം 193 പേർ കൊല്ലപ്പെട്ടതായി ഹമാസ് ആരോഗ്യമന്ത്രാലയം പറഞ്ഞു. അതേസമയം, വടക്കൻ ഗാസയിലെ ജബലിയ ക്യാമ്പിലേക്ക് ശനിയാഴ്‌ച ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിൽമാത്രം 100 പേർ കൊല്ലപ്പെട്ടതായി പലസ്‌തീൻ വാർത്താ ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 15,200 ആയി ഉയർന്നു. അതിൽ 70 ശതമാനവും സ്‌ത്രീകളും കുട്ടികളുമാണ്.
വടക്കൻ ഗാസയിൽനിന്ന് ഒഴിപ്പിച്ചവർ ഉൾപ്പെടെ ഏകദേശം 20 ലക്ഷം പേർ തെക്കു ഭാഗത്ത് തിങ്ങിനിറഞ്ഞിരിക്കുകയാണ്. ഇവർക്ക് വടക്കൻ ഗാസയിലേക്കോ അയൽരാജ്യമായ ഈജിപ്തിലേക്കോ പോകാൻ സാധിക്കാത്ത സ്ഥിതിയാണ്. ഖാൻ യൂനിസിലുള്ളവരോട് റാഫയിലേക്ക് പോകാൻ ഇസ്രയേൽ നിർബന്ധിക്കുന്നുണ്ട്. അതിനിടെ ജനങ്ങൾക്ക് രക്ഷപ്പെടാൻ സൈന്യം ഒരു ഓൺലൈൻ മാപ്പ് പുറത്തിറക്കി. ക്രമരഹിതമായി അക്കമിട്ട് ഗാസയെ വിഭജിക്കുന്ന ഭൂപടത്തിലാകെ അവ്യക്തതയാണ്. തങ്ങൾ നിൽക്കുന്ന ഇടത്തെ അക്കം കണ്ടുപിടിച്ച് രക്ഷപ്പെടാനാണ് ജനങ്ങളോട് സൈന്യം ആവശ്യപ്പെട്ടത്. എന്നാൽ, എവിടേക്കാണ് ഒഴിഞ്ഞുപോകേണ്ടതെന്ന് ഇതിൽ വ്യക്തമാക്കിയിട്ടില്ല. ആശയവിനിമയ സംവിധാനം പാടെ തകരാറിലായ ഗാസയിലെ ജനങ്ങൾ എങ്ങനെ ഓൺലൈൻ മാപ്പ് ഉപയോഗിക്കുമെന്നും വ്യക്തമല്ല. ഖാൻ യൂനിസ് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് വെള്ളിയാഴ്‌ച ലഘുലേഖകളും റൂട്ട് മാപ്പും വിതറിയിരുന്നു.
പലസ്തീൻകാർ തങ്ങളുടെ പ്രദേശത്തേക്ക് കടക്കാൻ ശ്രമിക്കുമെന്ന് ഈജിപ്ത് ആശങ്ക പ്രകടിപ്പിച്ചു. നാല് ബന്ദികളുടെകൂടി മരണം സ്ഥിരീകരിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഇതോടെ മരിച്ച ബന്ദികളുടെ എണ്ണം ഏഴായി. ആക്രമണം തുടരുന്നതിനിടെ പരിമിതമായ സഹായവുമായി ട്രക്കുകൾ ഗാസയിലെത്തി.
Israel bombards Gaza as talks break down










