ഗാസയിൽ മരണം 8525, പട്ടിണിയിലായ ജനം ഭക്ഷണവിതരണ കേന്ദ്രങ്ങൾ ആക്രമിക്കുന്നു

ജറുസലം : ഗാസയിൽ ഇസ്രയേൽ കര വ്യോമ ആക്രമണങ്ങൾ അതി ശക്തമാക്കി. ഗാസയിൽ ഇതുവരെ 8525 പേർ കൊല്ലപ്പെട്ടു.

വടക്കൻ ഗാസയിലെ ജബലിയ അഭയാർഥി ക്യാംപിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മരണം നൂറം കവിഞ്ഞു. 300 പേർക്ക് പരുക്കേറ്റു. മരണ സംഖ്യ ഇനിയും ഉയർന്നേക്കും. ക്യാംപിലെ 15 പാർപ്പിട കേന്ദ്രങ്ങൾ പൂർണമായും തകർന്നടിഞ്ഞു. പരുക്കേറ്റവരെ ചികിൽസിക്കാൻ സംവിധാനങ്ങളൊന്നുമില്ല.

കൂടുതൽ ഇസ്രയേൽ ടാങ്കുകൾ ഗാസയിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്. ഗാസ സിറ്റിക്കുള്ളിലെ ഹമാസിൻ്റെ തുരങ്കങ്ങളിലും അതി രൂക്ഷ ഏറ്റുമുട്ടലുകളാണ് നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. തുരങ്കങ്ങൾക്കുള്ളിൽ പ്രവേശിച്ച ഇസ്രയേലി സൈനികർ ഹമാസ് പ്രവർത്തകരെ വധിച്ചതായും 300 കേന്ദ്രങ്ങളിൽ ബോംബിട്ടതായും ഇസ്രയേൽ അവകാശപ്പെട്ടു. ഇസ്രയേൽ ടാങ്കുകളെ മിസൈൽ ആക്രമണത്തിലൂടെ തുരത്തിയതായി ഹമാസും അവകാശപ്പെട്ടു.

ദുരിതബാധിത മേഖലയിൽ സഹായമെത്തിക്കാനായി വെടിനിർത്തൽ വേണമെന്ന ആവശ്യം ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു തള്ളി. ആക്രമണം തുടരുന്നതിനിടെ പലസ്തീനിൽ നിന്ന് പാലായനം ചെയ്തതവരുടെ എണ്ണം 8 ലക്ഷം കടന്നു.

ഹമാസ് ഉപമേധാവി സാലിഹ് അൽ അറൌറിയുടെ വെസ്റ്റ് ബാങ്കിലെ കുടുംബവീട് ഇസ്രയേൽ ഇടിച്ചുനിരത്തി. അറൌറി ഇപ്പോൽ ലെബനനിലാണ് ഉള്ളത്. ഹമാസ് ബന്ദിയാക്കിയ ഒരു സൈനികനെ കൂടി മോചിപ്പിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു.

അതിനിടെ ഗാസ കൊടും പട്ടിണിയിലേക്ക് പോകുന്നതായാണ് റിപ്പോർട്ടുകൾ. യുഎൻ ഭക്ഷണ സംരക്ഷണ കേന്ദ്രം ജനങ്ങൾ ആക്രമിച്ചു. ശുദ്ധജലവും കിട്ടാനില്ല. യുദ്ധക്കെടുതി കൂടാതെ പകർച്ചവ്യാധികളുടെ ദുരന്തം കൂടി ഗാസയിൽ പൊട്ടിപ്പുറപ്പെടാമെന്ന് യുഎൻ മുന്നറിയിപ്പ് തരുന്നു.

അതിനിടെ ഖത്തറിൻ്റെ മാധ്യസ്ഥത്തിൽ മൊസാദ് തലവനും ഹമാസ് പ്രതിനിധിയും കൂടിക്കാഴ്ച നടത്തുന്നു എന്ന വാർത്തകളും വരുന്നുണ്ട്.

Israel Bombing in Palestine Relief Camp kills 100

More Stories from this section

family-dental
witywide