
ജെറുസലേം: ഗാസയ്ക്കു മേൽ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തി ഇസ്രയേല്‍. ഭക്ഷണവും ഇന്ധനവും വൈദ്യുതിയുമടക്കം തടയുമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് വ്യക്തമാക്കി. മനുഷ്യ മൃഗങ്ങൾ എന്നാണ് പ്രതിരോധമന്ത്രി ഹമാസിനെ വിശേഷിപ്പിച്ചത്.
ഹമാസ് അധികാരം പിടിച്ചെടുത്തതിനുശേഷം ഇസ്രയേലും ഈജിപ്തും ഗാസയിൽ വിവിധ തലങ്ങളിൽ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സമീപ വർഷങ്ങളിൽ ഇസ്രായേൽ പരിമിതമായ വൈദ്യുതി നൽകുകയും ഭക്ഷണം, ഇന്ധനം, ഉപഭോക്തൃവസ്തുക്കൾ എന്നിവ ഇറക്കുമതി ചെയ്യാൻ അനുവദിക്കുകയും ചെയ്തു, അതേസമയം അകത്തേക്കും പുറത്തേക്കും യാത്രാ നിയന്ത്രണം ഏർപ്പെടുത്തി.
ഗാസയിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. എന്നാല്‍ ‘അക്രമികള്‍’ ഇപ്പോഴും അവിടെയുണ്ടാകാം എന്ന് ഇസ്രയേല്‍ പ്രതിരോധ വക്താവ് ചൂണ്ടിക്കാട്ടി. അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ സൈനിക നടപടിക്ക് ഇസ്രയേല്‍ അനുമതി നല്‍കിയിരുന്നു. ഗാസയില്‍ ഇസ്രയേല്‍ സൈന്യം പരിശോധനകള്‍ നടത്തുന്നുവെന്നാണ് സൈന്യം പറയുന്നത്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാകാന്‍ കുറച്ച് സമയംകൂടി വേണ്ടി വരുമെന്നും സൈനികവൃത്തങ്ങൾ മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം, പോരാട്ടം തുടരുകയാണെന്നും കൂടുതല്‍ ഇസ്രയേലികളെ പിടികൂടിക്കൊണ്ടിരിക്കുകയാണെന്നും ഹമാസ് വക്താവ് വാർത്താ ഏജൻസിയായ എ.പിയോട് പറഞ്ഞു. ഇസ്രയേല്‍ തടവിലാക്കിയ പലസ്തീന്‍ തടവുകാരുടെ മോചനമാണ് ലക്ഷ്യമെന്നും ഹമാസ് വക്താവ് വ്യക്തമാക്കി.















