വിനാശകരമായ ആ ബോംബുകള്‍ അവര്‍ വര്‍ഷിക്കുകതന്നെ ചെയ്തു, ബാക്കിയാകുന്നതോ ഗാസയുടെ മുറിവുകളും

ഗാസ സിറ്റി: ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തിന്റെ ആദ്യ 40 ദിവസങ്ങളില്‍, ഇസ്രായേല്‍ പ്രതിരോധ സേന ഗാസയില്‍ തങ്ങളുടെ ഏറ്റവും വലുതും വിനാശകരവുമായ ബോംബുകളിലൊന്ന് തുടര്‍ച്ചയായി ഉപയോഗിച്ചുവെന്ന് ന്യൂയോര്‍ക്ക് ടൈംസും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

ജനങ്ങള്‍ സുരക്ഷിതമെന്ന് അവകാശപ്പെട്ട പ്രദേശങ്ങളില്‍ പോലും ബോംബ് വര്‍ഷിച്ചതിന്റെ ദൃശ്യ തെളിവുകള്‍ വിശകലനം ചെയ്തുകൊണ്ടാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.

സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തതുപോലെ, 12 മീറ്ററിലധികം (40 അടി) വ്യാസമുള്ള 500-ലധികം ആഘാത ഗര്‍ത്തങ്ങള്‍ അവശേഷിപ്പിച്ച് ഇസ്രായേല്‍ സൈന്യം 2,000 പൗണ്ട് ബോംബുകള്‍ ഉപയോഗിച്ച് ഗാസയെ ആക്രമിച്ചു. ഇറാഖില്‍ ഐഎസിനെതിരെ അമേരിക്ക വര്‍ഷിച്ച ഏറ്റവും വലിയ ബോംബുകളേക്കാള്‍ നാലിരട്ടി ഭാരമുള്ളതാണ് ഈ ബോംബുകള്‍.

സുരക്ഷയ്ക്കായി ജനങ്ങളോട് മാറാന്‍ ഇസ്രായേല്‍ ഉത്തരവിട്ട തെക്കന്‍ ഗാസയിലെ പ്രദേശങ്ങളില്‍ ഈ ബോംബുകള്‍ വിവേചനരഹിതമായി ദുരിതമേല്‍പ്പിച്ചു. ഗാസയില്‍ വര്‍ഷിച്ച ബോംബുകളില്‍ പലതും 1000 അടിയിലധികം അകലെയുള്ള ആളുകളെ കൊല്ലാനോ പരിക്കേല്‍പ്പിക്കാനോ കഴിവുള്ളവയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

”ഗാസ പോലെ ജനസാന്ദ്രതയുള്ള പ്രദേശത്ത് 2,000 പൗണ്ട് ബോംബുകള്‍ ഉപയോഗിക്കുന്നത് സമൂഹങ്ങള്‍ വീണ്ടെടുക്കാന്‍ പതിറ്റാണ്ടുകളെടുക്കുന്ന ക്രൂരതയാണ്” സംഘര്‍ഷങ്ങളില്‍ ജനങ്ങളുടെ നാശനഷ്ടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിദഗ്ധനായ ജോണ്‍ ചാപ്പലിനെ ഉദ്ധരിച്ച് സിഎന്‍എന്‍ പറഞ്ഞു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മാനുവല്‍ വെരിഫിക്കേഷനും ഉപയോഗിച്ച് സാറ്റലൈറ്റ് ഇമേജറി സ്‌കാന്‍ ചെയ്ത ന്യൂയോര്‍ക്ക് ടൈംസ് 208 ഗര്‍ത്തങ്ങള്‍ തിരിച്ചറിഞ്ഞു, കണ്ടെത്താന്‍ കഴിയാത്ത ഇത്തരത്തിലെ നിരവധി കേസുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇസ്രായേലിന്റെ ആക്രമണത്തില്‍ വടക്കന്‍ ഗാസയിലെ മൂന്നില്‍ രണ്ട് കെട്ടിടങ്ങളും ഖാന്‍ യൂനിസിന്റെ തെക്കന്‍ പ്രദേശത്തെ നാലിലൊന്ന് കെട്ടിടങ്ങളും നശിച്ചു. ഗാസയില്‍ ഇസ്രായേലിന്റെ ആദ്യ മാസത്തെ ബോംബാക്രമണത്തിന്റെ സാന്ദ്രത ‘വിയറ്റ്‌നാമില്‍ പോലും കണ്ടിട്ടില്ല’ എന്ന് മുന്‍ യുഎന്‍ യുദ്ധക്കുറ്റങ്ങളുടെ അന്വേഷകനായ മാര്‍ക്ക് ഗാര്‍ലാസ്‌കോ അഭിപ്രായപ്പെട്ടു.

ഹമാസിനെതിരെ പോരാടുമ്പോള്‍ ആള്‍നാശം കുറയ്ക്കുന്നതിന് ചെറിയ വെടിമരുന്ന് ഉപയോഗിക്കാന്‍ ജോ ബൈഡന്‍ ഭരണകൂടം ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, മാനുഷിക സഹായം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രമേയത്തില്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ വീണ്ടും വോട്ടുചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍, സെന്‍ട്രല്‍ ഗാസയിലേക്ക് ഒരു പുതിയ മുന്നേറ്റത്തിലൂടെ തങ്ങളുടെ കര ആക്രമണം വിപുലീകരിക്കുകയാണെന്ന് ഇസ്രായേല്‍ സേന വ്യാഴാഴ്ച സൂചന നല്‍കി. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഗവണ്‍മെന്റ് ഫലസ്തീന്‍ ഗ്രൂപ്പായ ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുകയാണ്. ആയുധം വെച്ച് ഹമാസ് കീഴടങ്ങാത ഈ യുദ്ധത്തിന് അവസാനമുണ്ടാവില്ലെന്നും വിലയിരുത്തപ്പെടുന്നു.

More Stories from this section

family-dental
witywide