
വെടിനിർത്തലിന് ശേഷം സമാനതകളില്ലാത്ത ആക്രമണം അഴിച്ചു വിട്ട് ഇസ്രയേൽ. ഇന്നലെ മാത്രം 700 പേർ കൊല്ലപ്പെട്ടതായി പലസ്തീൻ ന്യൂസ് ഏജൻസിയായ വഫാ റിപ്പോർട്ട് ചെയ്തു. ആശുപത്രികള്‍, അഭയാർത്ഥി ക്യാമ്പുകള്‍, സ്കൂളുകൾ എന്നിവയുടെയെല്ലാം പരിസരങ്ങളില്‍ ബോംബാക്രമണം നിലയ്ക്കാതെ തുടരുകയാണ്. നിലവില്‍ ഖാന്‍ യൂനിസ് നടക്കുന്ന ആക്രമണം, യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ത്രീവ്രത നിറഞ്ഞതാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
ഒക്ടോബർ ഏഴിലെ ഇസ്രയേലിന് നേരെ നടന്ന ഹമാസ് ആക്രമണത്തിന് നേതൃത്വം നല്‍കിയ കമാന്‍ഡർ ഹൈതം ഖുവാജാരിയെ വധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ഗാസയ്ക്ക് പുറത്തുള്ള അല്‍-ഷാതി അഭയാർത്ഥി ക്യാമ്പിന് സമീപത്ത് വച്ചാണ് ഹമാസിന്റെ ഷാതി ബറ്റാലിയന്‍ കമാന്‍ഡറിനെ കൊലപ്പെടുത്തിയതെന്ന് ഇസ്രയേല്‍ സൈന്യത്തിന്റെ വക്താവ് ഡാനിയേല്‍ ഹഗാരി അറിയിച്ചു.
ഞായറാഴ്ച ഖാന്‍ യൂനിസിലെ പല ജില്ലകളിലേയും ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ നിർദേശം നല്‍കിയിരുന്നു. ഹമാസിന്റെ നേതാക്കള്‍ നഗരത്തിലുണ്ടെന്ന അനുമാനത്തിലാണ് ഇസ്രയേല്‍. വടക്കന്‍ ഗാസയില്‍ ആക്രമണം രൂക്ഷമായ പശ്ചാത്തലത്തില്‍ ജനങ്ങള്‍ അഭയം തേടിയ ഖാന്‍ യൂനിസ് ഉള്‍പ്പടെയുള്ള തെക്കന്‍ മേഖലയിലെ നഗരങ്ങളിലായിരുന്നു.
തെക്കന്‍ ഗാസയിലെ നഗരമായ ഖാന്‍ യൂനിസിന്റെ വടക്ക് ഭാഗത്തേക്ക് ഇസ്രയേല്‍ സൈന്യം നീങ്ങുന്നതായി ബിബിസി സ്ഥിരീകരിച്ചു. വടക്കന്‍ ഗാസയില്‍ നടത്തിയ ശക്തമായ പോരാട്ടം തെക്കന്‍ മേഖലയിലും ആവർത്തിക്കുമെന്നാണ് ഇസ്രയേലി പ്രതിരോധ സേന (ഐഡിഎഫ്) തലവന്‍ ലെഫ്റ്റനന്റ് ജെനറല്‍ ഹെർസി ഹാലെവി സൈനികരോട് പറഞ്ഞത്. ഗാസയില്‍ കരയുദ്ധം ഇനിയും വ്യാപിപ്പിക്കുമെന്ന് ഐഡിഎഫ് വക്താവും വ്യക്തമാക്കിയിട്ടുണ്ട്.
വെടിനിർത്തലില്‍ ബന്ദികളാക്കിയ 110 പേരെ ഹമാസും 240 പേരെ ഇസ്രയേലും മോചിപ്പിച്ചിരുന്നു.സംഘര്‍ഷം അവസാനിപ്പിക്കാന്‍ അറബ് രാഷ്ട്രമായ ഖത്തര്‍ മുന്‍കൈയെടുത്ത് നടത്തുന്ന സമാധാന ചര്‍ച്ചകളില്‍ നിന്ന് ഏകപക്ഷീയമായി ഇസ്രയേല്‍ പിന്മാറിയിരുന്നു. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ചര്‍ച്ചയ്ക്കായി എത്തിയ ഇസ്രയേല്‍ നയതന്ത്ര പ്രതിനിധികളോട് ഉടന്‍ നാട്ടിലേക്ക് തിരികെവരാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവശ്യപ്പെട്ടതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സമാധാനചര്‍ച്ച അടഞ്ഞ അധ്യായമാണെന്നും ചര്‍ച്ചയില്‍ ഇസ്രയേലിന്റെ താല്‍പര്യങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്നു പിന്നോട്ടുപോകില്ലെന്നും അതുവരെ ഗാസയില്‍ വെടിനിര്‍ത്തലിന് വഴങ്ങില്ലെന്നും ഇസ്രയേല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിന്ന് പിന്മാറാന്‍ ഏകപക്ഷീയമായി തീരുമാനമെടുത്തത്.
Israel Expands ground attack in Southern Gaza












