
ന്യൂഡല്‍ഹി: ഹമാസ് ഭീകരര്‍ക്ക് മുന്നില്‍ പതറാതെ പിടിച്ചു നിന്ന് ജോലി ചെയ്യുന്ന സ്ഥലത്തെ വയോധികയെ സംരക്ഷിച്ച മലയാളി വനിതകളെ അഭിനന്ദിച്ച് ഇസ്രയേല്‍ എംബസി. ഇന്ത്യന്‍ സൂപ്പര്‍ വുമണ്‍സ് എന്ന ക്യാപ്ഷനോടെയാണ് മലയാളി വനിതകളുടെ ധൈര്യത്തേയും സേവന സന്നദ്ദതയേയും അഭിനന്ദിച്ചുകൊണ്ട് ഇസ്രയേല്‍ എംബസി ഇക്കാര്യം ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. സബിത, മീര മോഹനന്‍ എന്നിവരെയാണ് എംബസി അഭിനന്ദിച്ചത്.
തങ്ങള്‍ നേരിട്ട അനുഭവം സബിത വിവരിക്കുന്നതിന്റെ വീഡിയോയും ഇസ്രയേല്‍ എംബസി എക്‌സില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇസ്രയേല്‍-ഗാസ ബോര്‍ഡറിലെ ഒരു വീട്ടില്‍ എഎല്‍എസ് രോഗബാധിതമായ റാഹേല്‍ എന്ന വയോധികയെ പരിചരിക്കുന്ന ജോലിയായയിരുന്നു സബിതയ്ക്കും മീര മോഹനനും. താന്‍ നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് രാവിലെ ആറു മണിയോടെ പോകാനിറങ്ങിയപ്പോഴാണ് അപായ സൈറണ്‍ കേട്ടതെന്ന് സബിത വീഡിയോയില്‍ പറയുന്നു.
ഉടന്‍ തന്നെ ഇവര്‍ റാഹേലിനേയും കൂട്ടി സേഫ്റ്റി റൂമിലേക്ക് മാറി. അപ്പോഴും സൈറണ്‍ മുഴങ്ങിക്കൊണ്ടിരുന്നു. ആ സമയത്ത് റാഹോലിന്റെ മകള്‍ വിളിച്ച് ഒരു കാരണവശാലും പുറത്തിറങ്ങരുതെന്നും വാതിലിന്റെ ഹാന്‍ഡിലില്‍ ബലമായി പിടിച്ച് തുറക്കാന്‍ അനുവദിക്കാതെ പ്രതിരോധിക്കാനും ഇവരോട് പറഞ്ഞു. പിന്നീട് ഹമാസ് ഭീകരര്‍ വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നതും പുറത്തുനിന്ന് വാതില്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതും തങ്ങള്‍ക്കറിയാന്‍ കഴിഞ്ഞുവെന്നും സബിത പറയുന്നു. അവര്‍ ആ വീടു മുഴുവന്‍ നശിപ്പിച്ചു. എല്ലാ സാധനങ്ങളും കൊണ്ടുപോയി. മീരയുടെ പാസ്‌പോര്‍ട്ടടക്കം നഷ്ടമായി.
സാധാരണഗതിയില്‍ അത്യവാശ്യ ഡോക്യുമെന്റ്‌സ് അടങ്ങിയ ഒരു ബാഗ് എപ്പോഴും കൂടെ സൂക്ഷിക്കാറുണ്ടായിരുന്നു. എന്നാല്‍ ജീവന്‍ ര്കഷിക്കാനുള്ള ഓട്ടത്തിനിടയില്‍ ആ ബാഗെടുക്കാന്‍ മറന്നു പോയെന്നും അതിനാല്‍ എല്ലാ സാധനങ്ങളും നഷ്ടപ്പെട്ടുവെന്നും സബിത പറയുന്നു. മണിക്കൂറുകള്‍ക്കു ശേഷം ഇസ്രയേല്‍ സൈന്യം എത്തിയാണ് സേഫ്റ്റി റൂമില്‍ നിന്ന് ഇവരെ രക്ഷപ്പെടുത്തിയത്. സബിതയുടേയും മീരയുടേയും ധൈര്യംകൊണ്ട് മാത്രമാണ് സ്വയം രക്ഷപ്പെടാനും റാഹേലിനെ രക്ഷിക്കാനും സാധിച്ചത്.