ഇസ്രയേല്‍ – ഹമാസ് യുദ്ധം: ഗാസ ആളിക്കത്തുന്നു, മരണം 500 കവിഞ്ഞു

ജറുസലം :ഇസ്രയേലില്‍ ഇന്നലെ രാവിലെ ഹമാസ് നടത്തിയ മിന്നലാക്രമണത്തില്‍ 300 ഇസ്രയേല്‍ പൗരന്മാര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 1400 പേര്‍ പരുക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നു. ഇസ്രയേല്‍ സൈനിക ഉദ്യോഗസ്ഥരെ അടക്കം ഒട്ടേറെപ്പേരെ ബന്ധികളാക്കിയതായി ഹമാസ് അവകാശപ്പെട്ടു. ഇവരെ ഗാസയിലാണ് തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. യന്ത്രത്തോക്കുകളുമായി നുഴഞ്ഞുകയറിയ ഹമാസ് പോരാളികള്‍ ഇസ്രയേലില്‍ തെരുവുകളിലും പാര്‍പ്പിട സമുച്ചയങ്ങളിലും കയറി നിറയൊഴിക്കുകയായിരുന്നു. കണ്ണില്‍ക്കണ്ടവരെ എല്ലാം വെടിവച്ചിട്ട ഹമാസിനെ പൂര്‍ണമായും ഇസ്രയേലില്‍നിന്ന് ഒഴിപ്പിക്കാനായിട്ടില്ല. തികച്ചും അപ്രതീക്ഷിതമായി നടന്ന ആക്രമണം ഇസ്രയേലിനെ അമ്പരപ്പിച്ചിട്ടുണ്ട്. 20 മിനിറ്റിനുള്ളില്‍ 5000 ല്‍ കൂടുതല്‍ റോക്കറ്റുകള്‍ ഇസ്രയേലില്‍ ആക്രമണം നടത്തി. വന്‍ നാശ നഷ്ടമാണ് ഇസ്രയേലിന് ഉണ്ടായത്. ഉടന്‍ തന്നെ ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു യുദ്ധം പ്രഖ്യാപിച്ചു. പിന്നാലെ ഗാസയെ ലക്ഷ്യമാക്കി ഇസ്രയേല്‍ വ്യോമാക്രമണം തുടങ്ങി. ഇപ്പോള്‍ തന്നെ 230ല്‍ ഏറെ മരിച്ചതായാണ് വിവരം. ഗാസ വിട്ടുപോകാന്‍ ഇസ്രയേല്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴും ആക്രമണം തുടരുകയാണ്. ഗാസ നിന്ന് കത്തുകയാണ്. ആശുപത്രികളൊക്കെ മുറിവേറ്റ മനുഷ്യരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

സ്ഥിതി ചര്‍ച്ച ചെയ്യാന്‍ യുഎസ്‍ രക്ഷാസമിതി ഇന്നു ചേരും. ജറുസലമിലെ അല്‍ അഖ്സ പള്ളിയില്‍ കഴിഞ്ഞ ഏപ്രിലില്‍ ഇസ്രയേല്‍ സൈന്യം കയറിയതിനെ തുടര്‍ന്നതാണ് പുതിയ പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. കുറച്ചു നാളുകളായി തുടരുന്ന സമാധാന അന്തരീക്ഷം തകരുകയായിരുന്നു. 2021 ല്‍ നടന്ന 11 ദിവസത്തെ ആക്രമണങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് ഇത്ര രൂക്ഷമായ ആക്രമണം നടത്തുന്നത്.

ഓപ്പറേഷൻ അല്‍ അഖ്സ ഫ്ലഡ് എന്നാണ് ആക്രമണത്തെ ഹമാസ് വിശേഷിപ്പിക്കുന്നത്. അതീവ സുരക്ഷയുള്ള ഗാസ – ഇസ്രയേല്‍ അതിര്‍ത്തി വേലി കടന്ന സായുധരായ ഹമാസ് സംഘം ഒട്ടേറെ ഇസ്രയേല്‍ സൈനികരെയും കമാന്‍ഡോകളേയും കൊലപ്പെടുത്തി. ഏതാണ്ട് ആയിരത്തോളം ഹമാസ് പോരാളികള്‍ ഇസ്രയേലില്‍ കടന്നതായി കരുതുന്നു. കടല്‍ വഴി ഇസ്രയേലില്‍ കയറാന്‍ വന്ന സംഘത്തെ വെടിവച്ച് കൊന്നതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ഇസ്രയേല്‍ ടാങ്കുകള്‍ അടക്കം ഹമാസ് പിടിച്ചെടുത്തിട്ടുണ്ട്. ഇന്ത്യ, യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങള്‍ ഇസ്രയേലിനൊപ്പമെന്ന് പ്രഖ്യാപിച്ചു. ഖത്തര്‍, ഇറാന്‍ , കുവൈത്ത് തുടങ്ങിയ രാജ്യങ്ങള്‍ പലസ്തീന് അനുകൂല പ്രസ്താവനകള്‍ ഇറക്കിയിട്ടുണ്ട്.

More Stories from this section

family-dental
witywide