
വാഷിങ്ടൺ: ഇസ്രയേൽ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ പുറപ്പെടുന്നതിന് ഏതാനും മണിക്കൂറുകൾ മുമ്പ് ഗാസ സിറ്റിയിലെ ഒരാശുപത്രി ബോംബിങ്ങിൽ തകർന്ന് അഞ്ചൂറിലേറെ പേർ മരിച്ചു. ഈ വാർത്ത അറിഞ്ഞ ഉടൻ ബൈഡൻ രോഷാകുലനായി എന്നാണ് വൈറ്റ് ഹൌസ് വൃത്തങ്ങൾ നൽകുന്ന സൂചന. അങ്ങേയറ്റം ഖേദകരവും അപലപനീയവുമാണ്ഈ സംഭവമെന്ന് ബൈഡൻ പ്രതികരിച്ചു. ഇസ്രയേലിന് ഒപ്പം നിൽക്കുമ്പോൾ തന്നെ ഗാസയിലെ മനുഷ്യക്കുരുതി അവസാനിപ്പിക്കണമെന്നാണ് അമേരിക്കയുടെ നിലപാട്. അതിനു വേണ്ടിയുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് ഇത്തരത്തിലൊരു സംഭവം.
ഇന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിനെ കണ്ട ശേഷം ജോർദാനിലേക്ക് പോകാനായിരുന്നു ബൈഡൻ്റെ തീരുമാനം. എന്നാൽ പുതിയ സാഹചര്യത്തിൽ ബൈഡനുമായുള്ള കൂടിക്കാഴ്ച ജോർദാൻ റദ്ദ്ചെയ്തു. ആശുപത്രി ആക്രമണത്തിനു പിന്നിൽ തങ്ങളല്ല എന്ന് ഇസ്രയേൽ ആവർത്തിക്കുമ്പോളും ആരും അത് കണക്കിലെടുത്തിട്ടില്ല. ഇത് അമേരിക്കയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. എല്ലാ അറബ് രാജ്യങ്ങളും ശക്തമായാണ് പ്രതികരിക്കുന്നത്. മേഖലയിലാകെ ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരെ വൻ പ്രതിഷേധം ഉയരുന്നു.
പിരിമുറുക്കം അവസാനിപ്പിക്കാനായി അമേരിക്ക പെട്ടെന്ന് കരുനീക്കം തുടങ്ങിയെന്നാണ് സൂചന. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് കൂടി ഇസ്രയേലിലേക്ക് എത്തുന്നുണ്ട്. ഇപ്പോൾതന്നെ ഇസ്രയേലിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും രണ്ട് ചേരികളായി തിരിഞ്ഞു കഴിഞ്ഞു. വൻ ശക്തികളായ ചൈനയും റഷ്യയും ഇസ്രയേലിനെ അനുകൂലിക്കുന്നില്ല എന്ന് വ്യക്തമാക്കി കഴിഞ്ഞു. അതുകൊണ്ടു കൂടിയാണ് കരയുദ്ധം ഇസ്രയേൽ തുടങ്ങാൻ മടിക്കുന്നതും.
ലോകരാഷ്ട്രങ്ങൾക്കു മേൽ അമേരിക്കയ്ക്ക് ഉണ്ടായിരുന്ന അപ്രമാദിത്വം പതിയെ നഷ്ടമാകുന്ന കാഴ്ചയാണ് പുതിയ ലോക ക്രമത്തിൽ കണ്ടുകൊണ്ടിരിക്കുന്നത്. ഇറാൻ, ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ ഇടങ്ങളിലെല്ലാം അമേരിക്കൻ പട്ടാളത്തിൻ്റെ സാന്നിധ്യം ഈയിടെ വരെ ഉണ്ടായിരുന്നു. ലോക രാഷ്ട്രങ്ങളുടെ ബന്ധങ്ങളുടെ സമവാക്യങ്ങൾ നിർണയിച്ചിരുന്നത് അമേരിക്കയായിരുന്നു. ലോക പൊലീസ് എന്ന് ശത്രുക്കൾ വിളിക്കുമ്പോൾ പോലും അമേരിക്കയുടെ വല്യേട്ടൻ മനോഭാവത്തെ അംഗീകരിക്കുന്നവരായിരുന്നു മിക്കവാറും രാജ്യങ്ങൾ. ആ അജയ്യതയാണ് അമേരിക്കയിലെ രാഷ്ട്രീയത്തിലെ പ്രധാന തുറുപ്പു ചീട്ടും. അടുത്ത വർഷം അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പശ്ചിമേഷ്യയിൽ അമേരിക്ക വിജയിച്ചില്ലെങ്കിൽ അത് ബാധിക്കുക ബൈഡൻ്റെ രാഷ്ട്രീയ ഭാവിയെ തന്നെയായിരിക്കും. അതുകൊണ്ടു കൂടിയാണ് വിദേശകാര്യ, പ്രതിരോധ സെക്രട്ടറിമാർക്ക് പിന്നാലെ ബൈഡനും ഇസ്രയേലിലേക്ക് എത്തുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിയോടെ ബൈഡൻ ടെൽ അവീവിൽ എത്തുമെന്നാണ് കരുതുന്നത്.
ആശുപത്രി ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പലസ്തീൻ പ്രസിഡൻ്റ് മഹമൂദ് അബ്ബാസ് ബൈഡനുമായുള്ള കൂടിക്കാഴ്ച ഉപേക്ഷിച്ചു. ഗാസയ്ക്കുള്ള അന്താരാഷ്ട്ര സഹായം ഇപ്പോഴും ഈജിപ്തിൽ കെട്ടിക്കിടക്കുകയാണ്. ഇസ്രയേൽ അനുവദിച്ചാൽ മാത്രമേ അത് ഗാസയിലേക്ക് എത്തുകയുള്ളു. ഇതു സംബന്ധിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി ആൻ്റണി ബ്ലിൻകനും ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവും 9 മണിക്കൂർ ചർച്ച നടത്തിയിരുന്നു.
മേഖലയിലെ യുദ്ധം ലോകം മുഴുവൻ പടരാനുള്ള സാഹചര്യം ഒഴിവാക്കാനുള്ള നയതന്ത്ര ശ്രമങ്ങളാണ് അമേരിക്ക നടത്തുന്നത്. ഹമാസ് ബന്ദികളാക്കിയ അമേരിക്കൻ പൌരന്മാരുടെ മോചനമാണ് മറ്റൊരു മുൻഗണന. ബന്ദികളുടെ മോചനം സംബന്ധിച്ച് ഹമാസ് അമേരിക്കയ്ക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കാതെ അത് സാധ്യമല്ല. ബന്ദികളായ അമേരിക്കൻ പൌരന്മാരെ മോചിപ്പിക്കുകയും ഇസ്രയേൽ പൌരന്മാ ബന്ദികളായി തന്നെ തുടരുകയും ചെയ്യുന്നത് ഇസ്രയേൽ രാഷ്ട്രീയ നേതൃത്വത്തിന് വലിയ സമ്മർദം നൽകുമെന്ന് ഇസ്രയേലും കണക്കു കൂട്ടുന്നു.
Israel – Palestine war a checkmate for USA














