
വാഷിങ്ടൺ; ഗാസയിലെ സാധാരണക്കാർക്ക് പലായനം ചെയ്യാനും ആവശ്യ വസ്തുക്കൾ എത്തിക്കാനുമായി ഇസ്രയേൽ വടക്കൻ ഗാസയിൽ നാല് മണികൂർ താൽക്കാലികമായി വെടി നിർത്തുമെന്ന് യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി അറിയിച്ചു. വെടിനിർത്തൽ നാളെ മുതൽ ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഓരോ ദിവസവും നാല് മണിക്കൂർ നേരത്തേക്കാണ് യുദ്ധ വിരാമം. ഇത് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പെങ്കിലും പ്രഖ്യാപിക്കാൻ ഇസ്രായേൽ പ്രതിജ്ഞാബദ്ധമാണെന്നും അമേരിക്ക പറഞ്ഞു. ദിവസേനയുള്ള വെടി നിർത്തൽ ഇടവേളകൾ ഏർപ്പെടുത്താൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് കഴിഞ്ഞ തിങ്കളാഴ്ച ആവശ്യപ്പെട്ടിരുന്നു.
ഈ താൽക്കാലിക വെടി നിർത്തലുകൾ വഴി ബന്ദികളെ മോചിപ്പിക്കാനും മരുന്നും ഭക്ഷണവും ഉള്ളിലെത്തിക്കാനും ഗാസയിൽ താമസിക്കുന്ന ഇരട്ട പൗരത്വമുള്ളവർക്ക് പുറത്തുപോകാനും സാധിക്കും. ഗാസയിൽ പ്രതിദിനം 150 എയ്ഡ് ട്രക്കുകൾ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അമേരിക്ക അറിയിച്ചു. ഒക്‌ടോബർ 7 മുതൽ ഗാസയ്‌ക്കെതിരായ ഇസ്രായേൽ ആക്രമണങ്ങളിൽ കുറഞ്ഞത് 10,812 പലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്
ഇസ്രയേൽ സേനയും ഹമാസും തമ്മിലുള്ള പോരാട്ടത്തിൽ നിന്ന് സിവിലിയന്മാർക്ക് പലായനം ചെയ്യാനുള്ള രണ്ടാമത്തെ പാത സുരക്ഷിതമാക്കിയതായി ബൈഡൻ ഭരണകൂടം വ്യക്തമാക്കി.
യുദ്ധം ശക്തമാക്കുമ്പോൾ പലസ്തീൻ സിവിലിയൻമാർക്കായി ഗാസയിലെ മാനുഷിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ കഴിഞ്ഞ ആഴ്ച ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. പ്രദേശത്തെ സൈനിക പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഇസ്രയേലിനോട് ആഹ്വനം ചെയ്ത ബ്ലിങ്കൻ ഗാസയിൽ അടിയന്തരവും വർധിച്ചതുമായ സഹായ വിതരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Israel to begin daily four-hour pauses in fighting in northern Gaza, says White House











