
ന്യൂഡൽഹി: ഇസ്രായേൽ ഇന്ത്യയെ വിശ്വസിക്കുന്നുവെന്നും ഹമാസ് ഭീകരാക്രമണത്തെ ഇന്ത്യ ഉടൻ തന്നെ അപലപിച്ചത് ഈ വിശ്വാസത്തെ ഊട്ടിയുറപ്പിച്ചുവെന്നും ഇസ്രയേലി അംബാസഡർ നൂർ ഗിലോൺ പറഞ്ഞു. ദേശീയ മാധ്യമമായ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ചൊവ്വാഴ്ച എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ, ഒക്‌ടോബർ 7 ന് ആരംഭിച്ച് കുറഞ്ഞത് 4,000 പേരെങ്കിലും കൊല്ലപ്പെട്ട ഇസ്രയേൽ-ഹമാസ് യുദ്ധത്തിന് ഇറാനെ നൂർ ഗിലോൺ കുറ്റപ്പെടുത്തി.
ഇസ്രയേലും പലസ്തീനും തമ്മിൽ ദശാബ്ദങ്ങളായി നിലനിൽക്കുന്ന പ്രശ്‌നം പരിഹരിക്കുന്നതിൽ ഇന്ത്യയ്‌ക്ക് പങ്കുവഹിക്കാനാകുമോ എന്ന ചോദ്യത്തിന്, “പതിറ്റാണ്ടുകളായി നിലനിൽക്കുന്ന പ്രശ്‌നം പരിഹരികുന്നതിലേക്ക് ഞങ്ങൾ പോകുന്നുവെന്ന് ഞാൻ കരുതുന്നില്ല. പ്രതിസന്ധി പരിഹരിക്കേണ്ടതുണ്ട്. ഇസ്രയേലുമായുള്ള ബന്ധത്തിൽ വർഷങ്ങളായി ഇന്ത്യ വളരെയധികം വിശ്വാസ്യത നേടിയിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിൽ വളരെയധികം ബഹുമാനിക്കപ്പെടുന്നു,” എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.
“ഇസ്രായേലിന് ഇന്ത്യ നൽകിയ വൈകാരിക പിന്തുണ ഞങ്ങൾ കണ്ടു. വളരെ വേഗത്തിൽ പ്രധാനമന്ത്രി മോദിയും ഇന്ത്യ എന്ന രാജ്യവും ഭീകരാക്രമണത്തെ ഭീകരാക്രമണമായി അപലപിക്കാൻ തയ്യാറായി. തുടക്കത്തിൽ എല്ലാവരുമൊന്നും അത് ചെയ്തില്ല. ആ അർഥത്തിൽ ഇന്ത്യ സാഹചര്യം മനസ്സിലാക്കി. ഇന്ത്യ ഞങ്ങളുടെ പ്രശ്നത്തിൽ ഇടപെടുന്നതിൽ എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല. കാരണം ഞങ്ങൾ അവരെ വിശ്വസിക്കുന്നു,” മിസ്റ്റർ ഗിലോൺ പറഞ്ഞു.















