
ജറുസലേം: പ്രധാന പിന്തുണക്കാരനായ അമേരിക്കയില്‍ നിന്ന് പോലും കടുത്ത സമ്മര്‍ദ്ദം നേരിട്ടതിനെത്തുടര്‍ന്ന് ‘അന്താരാഷ്ട്ര പിന്തുണയോടെയോ അല്ലാതെയോ’ ഗാസ യുദ്ധം തുടരാനുള്ള ദൃഢനിശ്ചയത്തില്‍ ഇസ്രയേല്‍.
ഗാസയില്‍ വിവേചനരഹിതമായ ബോംബാക്രമണത്തിലൂടെ ഹമാസിനെതിരായ യുദ്ധത്തിനുള്ള ആഗോള പിന്തുണ ഇസ്രായേല്‍ നഷ്ടപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കയും പിന്തുണ പിന്‍വലിക്കാനുള്ള സാഹചര്യമായും പലരും ഇതിനെ വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് തങ്ങളുടെ കടുത്ത തീരുമാനം ഇസ്രയേല്‍ അറിയിച്ചിരിക്കുന്നത്.
ഒക്ടോബര്‍ 7 ന് ഫലസ്തീന്‍ തീവ്രവാദ സംഘടനയായ ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ മനുഷ്യത്വരഹിതമായ ആക്രമണത്തിന് മറുപടിയായാണ് ഇസ്രയേല്‍ യുദ്ധം ആരംഭിച്ചത്. അന്ന് ഇസ്രയേലില്‍ 1,200 പേര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.
എന്നാല്‍ പകരം വീട്ടാനിറങ്ങിയ ഇസ്രയേലിന്റെ പ്രബരമേറ്റ് ഗാസയില്‍ 18,600-ലധികം ആളുകള്‍ കൊല്ലപ്പെട്ടു. ഇവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമായിരുന്നു. മാത്രമല്ല, ഗാസ തകര്‍ന്നടിയുന്ന കാഴ്ചയാണ് ലോകത്തിനു മുന്നില്‍ ഇപ്പോഴുള്ളത്. ഗതാഗതമാര്‍ഗങ്ങളും സ്‌കൂളുകളും ആശുപത്രികളും അടക്കം നിലംപൊത്തിയിരിക്കുന്നു.
യുഎന്‍ ജനറല്‍ അസംബ്ലിയുടെ വെടിനിര്‍ത്തലിനുള്ള പ്രമേയത്തെ ഇന്ത്യയടക്കം പിന്തുണച്ചിരുന്നു.
എന്നാല്‍ ഇതേത്തുടര്‍ന്ന് ഇസ്രയേല്‍ കൂടുതല്‍ വ്യോമാക്രമണങ്ങള്‍ ഗാസയ്ക്ക് നേരെ നടത്തിയിരുന്നു. പ്രത്യേകിച്ച് ഏറ്റവും വലിയ നഗര കേന്ദ്രമായ ഗാസ സിറ്റിയിലും തെക്ക് ഖാന്‍ യൂനിസും റഫയിലും ഇസ്രയേല്‍ കടിഞ്ഞാണില്ലാത്ത ആക്രമണം നടത്തിവരികയാണ്.










