ഗാസയിലെ ആശുപത്രികളിലും അഭയാർഥി ക്യാംപുകളിലും തീ മഴ, മരണം ആർത്തിരമ്പുന്നു

ഗാസ : ഗാസയിലെ അഭയാർഥി ക്യാംപുകളും ആശുപത്രികളും ലക്ഷ്യമാക്കി ഇസ്രയേൽ ആക്രമണം തുടരുന്നു. വടക്കൻ ഗാസയിലെ ജെബലിയ അഭയാർഥി ക്യാംപിന് നേരെ നടന്ന ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു. മധ്യഗാസയിലെ രണ്ട് അഭയാർഥി ക്യംപുകൾക്കു നേരെയും ആക്രമണമുണ്ടായി.
ഗാസയിലെ രണ്ടാമത്തെ വലിയ ആശുപത്രിയായ അൽ ഖുദ്‌സിനു നേരെയും ഇസ്രയേൽ ആക്രമണം. അവിടെ, 21 പേർ കൊല്ലപ്പെട്ടു. ഏറ്റവും വലിയ ആശുപത്രിയായ അൽ- ഷിഫയ്‌ക്കുനേരെ നിരന്തര ആക്രമണം തുടരുകയാണ്‌.  തിങ്കളാഴ്‌ച ഓക്‌സിജൻ സംഭരണ കേന്ദ്രത്തിനുനേരെയും ഷെല്ലാക്രമണം നടന്നു. ആറ്‌ നവജാത ശിശുക്കളടക്കം 32 രോഗികൾ മൂന്നു ദിവസത്തിനിടെ ഇവിടെ മരിച്ചു. ആശുപത്രിയുടെ പ്രധാന ഗേറ്റ് ഇപ്പോൾ ഇസ്രയേൽ സേനയുടെ നിയന്ത്രണത്തിലാണ്. അൽ ഷിഫയുടെ നിലവറയാണ് ഹമാസിൻ്റെ പ്രധാന കേന്ദ്രങ്ങളിലൊന്ന് എന്ന് ഇസ്രയേൽ അവകാശപ്പെടുന്നു. അവർ സാധാരണക്കാരെ മനുഷ്യകവചമാക്കുകയാണെന്നും ഇസ്രയേൽ അവകാശപ്പെടുന്നു.

ആക്രമണംമൂലം നൂറോളം മൃതദേഹം സംസ്‌കരിക്കാൻ ആശുപത്രി ജീവനക്കാർക്ക് കഴിഞ്ഞിട്ടില്ലെന്ന് ഗാസ ആരോഗ്യ മന്ത്രാലയം പറഞ്ഞു. ആശുപത്രി മുറ്റത്ത് ജീർണിച്ച നിലയിലാണ് മൃതദേഹങ്ങൾ. മൂന്നു ദിവസമായി അൽ ഷിഫയിൽ വെള്ളമില്ല, വൈദ്യുതിയില്ല. ആശുപത്രി പൂർണനിലയിൽ പ്രവർത്തിക്കുന്നില്ലെന്ന്‌ ലോകാരോഗ്യ സംഘടനാ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

അൽ-റാന്റിസിയിലും തുർക്കി ആശുപത്രികളിലും ചികിത്സയിലായിരുന്ന 3000 അർബുദ രോഗികളുടെ ജീവൻ അപകടത്തിലാണ്‌. ഗാസയിലെ 35 ആശുപത്രിയിൽ 23 എണ്ണത്തിന്റെ പ്രവർത്തനം പൂർണമായും നിർത്തി. പല ആശുപത്രികളിലും ആരോഗ്യപ്രവർത്തകർ, രോഗികൾ എന്നിവരെ ഇസ്രയേൽ സൈന്യം അകത്തേക്കും പുറത്തേക്കും വിടുന്നില്ലെന്ന്‌ റിപ്പോർട്ടുണ്ട്‌. 

അൽ-റിമാൽ, താൽ അൽ-ഹവ, അൽ-തുഫ, ഗാസ സിറ്റിയുടെ പടിഞ്ഞാറ് ഷെയ്ഖ് അജ്‌ലിൻ പരിസരങ്ങൾ, ബീച്ച് അഭയാർഥി ക്യാമ്പ് എന്നിവിടങ്ങളിൽ ബോംബാക്രമണമുണ്ടായി. സൈനിക ടാങ്കുകൾ നിലയുറപ്പിച്ചതിനാൽ അവിടേയ്‌ക്ക്‌ ആംബുലൻസുകൾക്ക്‌ എത്താനാകുന്നില്ല. നുസെറത്ത് അഭയാർഥി ക്യാമ്പിൽ നടത്തിയ ആക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെട്ടു. ഐക്യരാഷ്‌ട്ര സംഘടനയുടെ സ്‌കൂളിനു നേരെയും ആക്രമണം ഉണ്ടായി. ഗാസയിൽ ഇതുവരെ 11,360ൽ അധികം പേർ കൊല്ലപ്പെട്ടതായാണ്‌ വിവരം. എന്നാൽ, ആശയവിനിമയ സംവിധാനം തകർന്നതിനാൽ കൃത്യമായ വിവരങ്ങൾ ലഭ്യമല്ലാത്ത സ്ഥിതിയാണ്‌.

Israeli air attacks hit refugee camps, Israeli forces continue to besiege hospitals

More Stories from this section

family-dental
witywide