
ഗാസയിലെ ഇസ്രയേല്‍ സൈനിക നടപടിയില്‍ ഹമാസ് ബന്ദികളാക്കിയ ഇസ്രയേല്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടു. ഗാസ നഗരത്തിലെ ഷിജയിയാ മേഖലയിലാണ് സംഭവം. ഹമാസും ഇസ്രയേൽ സൈന്യവും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ നടക്കുന്ന സ്ഥലമാണിത്. യോട്ടം ഹൈം (28), സമീർ അൽ തലൽക (25), അലോൻ ഷാംരിസ് (26) എന്നിവരാണ് മരിച്ചത്.
രണ്ടു വിഭാഗവും തമ്മിൽ ഏറ്റുമുട്ടല്‍ നടന്നുകൊണ്ടിരിക്കുമ്പോൾ പെട്ടന്ന് മുന്നിൽ കണ്ട ഇസ്രയേൽ പൌരന്മാരെ ശത്രുക്കളാണെന്നു കരുതി വെടിയുതിർക്കുകയായിരുന്നെന്ന് ഇസ്രയേൽ സൈന്യത്തിന്റെ പ്രധാനാവക്താവ്, റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി പറഞ്ഞു. ആക്രമണങ്ങളിൽ ബന്ദികളാക്കപ്പെട്ട ഇസ്രയേലികളെ തിരിച്ചെത്തിക്കാൻ സർക്കാരിനുമേൽ ജനങ്ങളുടെ വലിയതോതിലുള്ള സമ്മർദ്ദമുള്ള സമയത്താണ് ഇസ്രയേൽ പട്ടാളത്തിന്റെ തന്നെ വെടിയേറ്റ് മൂന്നുപേർ മരിക്കുന്നത്.
മരിച്ച മൂന്നുപേരും ഒന്നുകിൽ തടവിൽ നിന്ന് രക്ഷപ്പെട്ടവരാണ്, അല്ലെങ്കിൽ ഹമാസ് ഉപേക്ഷിച്ചവരാണെന്നാണ് ഡാനിയൽ ഹഗാരി പറയുന്നത്. ഇവര്‍ ഗാസ അതിർത്തിയിൽ താമസിച്ചിരുന്ന ഇസ്രയേലികളാണ്. ഇസ്രയേലികളുടെ മരണം സഹിക്കാനാവുന്നതിലും അപ്പുറത്തെ ദുരന്തമാണെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിശേഷിപ്പിച്ചത്. സംഭവത്തിൽ സേന ദുഃഖം രേഖപ്പെടുത്തുന്നു എന്നും അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഏഴാഴ്ചയായി കരമാർഗം പട്ടാളം വടക്കൻ ഗാസയിലേക്ക് നീങ്ങിത്തുടങ്ങിയിട്ട് ഇതുവരെ ബന്ദികളാക്കപ്പെട്ട ഒരാളെ പോലും രക്ഷപ്പെടുത്താൻ സാധിച്ചിട്ടില്ല. കഴിഞ്ഞ മാസം വെടിനിർത്തൽ പ്രഖ്യാപിച്ച സമയത്ത് ഹമാസ് 100ഓളം ബന്ദികളെ മോചിപ്പിച്ചിരുന്നു. ഇപ്പോഴും 130ഓളം പേർ ഹമാസിന്റെ ബന്ദികളായി കഴിയുന്നതായാണ് കരുതുന്നത്.
Israeli Army kills 3 hostages by mistake










