
ജെറുസലേം: ഗാസയിൽ ഇസ്രായേൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തിയതിന്റെ ഫലമായി വെള്ളവും വൈദ്യുതിയും ഇല്ലാതെ കഷ്ടപ്പെടുന്ന പലസ്തീനികളെ കളിയാക്കി വീഡിയോകൾ നിർമ്മിച്ച് ഇസ്രയേലി കണ്ടന്റ് ക്രിയേറ്റർമാർ.
പലസ്തീനികളുടെ കഷ്ടപ്പാടുകളെ പരിഹസിച്ച് ഇസ്രയേലികൾ വെള്ളം കുടിക്കുന്നതും ലൈറ്റുകൾ ഓണാക്കുന്നതും ഓഫ് ചെയ്യുന്നതും വീഡിയോകളിൽ കാണാം.
അവയിൽ ചിലത് ഇസ്രയേലി കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടാണ്. ഈ വീഡിയോകൾക്ക് ഓൺലൈനിൽ തിരിച്ചടി ലഭിച്ചു. ഇത് കുട്ടികളെ തെറ്റായ സന്ദേശങ്ങൾ പഠിപ്പിക്കുകയാണെന്നും വീഡിയോകൾ ധാർമ്മികമായി അധഃപതിച്ചതാണെന്നും ചിലർ അഭിപ്രായപ്പെട്ടു.
പലസ്തീനികളുടെ വേഷം ധരിച്ച് തക്കാളി സോസ് മുഖത്ത് പുരട്ടി കൊല്ലപ്പെട്ടതുപോലെ കിടക്കുക, കൊച്ചുകുട്ടികളെ വരെ ഉപയോഗിച്ച് പലസ്തീനികളെ അപഹസിക്കുക, ഇസ്ലാമിക രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ച് കളിയാക്കിക്കൊണ്ടുള്ള വിഡിയോകൾ ചെയ്യുക തുടങ്ങിയവാണ് പുറത്തുവന്നിരിക്കുന്നത്.















