സൂര്യനിലേക്ക് കുതിച്ചുയർന്ന് ഇന്ത്യയുടെ ആദിത്യ-എൽ 1; രാജ്യത്തിന്റെ ആദ്യ സൗരദൗത്യം

ബെംഗളൂരു: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍1 വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് രാവിലെ 11.50നാണ് ആദിത്യ എൽ1നെയും വഹിച്ച് പിഎസ്എൽവി സി 57 കുതിച്ചുയർന്നത്. ഇതിനായുള്ള കൗണ്ട്ഡൗണ്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഉപഗ്രഹത്തെ മുന്‍കൂര്‍ നിശ്ചയിച്ച ഭ്രമണപഥത്തില്‍ കൃത്യമായി സ്ഥാപിച്ചതായി ഐഎസ്ആര്‍ഒ മേധവി എസ്. സോമനാഥ് പറഞ്ഞു.

സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ ഉള്‍പ്പടെ സൂര്യനെ കുറിച്ചുള്ള വിശദ പഠനമാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. സൂര്യന്റെ റേഡിയേഷനും കാന്തിക വികിരണങ്ങളും ഭൂമിയെ ബാധിക്കുന്നതിന് മുമ്പ് പഠിക്കാനും അറിയാനും ഈ ദൗത്യത്തിലൂടെ സാധിക്കും. സൂര്യന്റെ പുറംഭാഗത്തെ കുറിച്ചുള്ള പഠനത്തോടൊപ്പം അത് ഭൂമിയുടെ കാലാവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്നും പഠന വിധേയമാക്കും.

ഭൂമിയോടടുത്ത ഭ്രമണ പഥത്തില്‍ 16 ദിവസം തുടരുന്ന ഉപഗ്രഹത്തിന്റെ ഭ്രമണ പഥം അഞ്ച് തവണയായി ഉയര്‍ത്തുകയും ലക്ഷ്യസ്ഥാനത്തേക്കുള്ള സഞ്ചാര വേഗം കൈവരിക്കുകയും ചെയ്യും.

ഭൂമിയില്‍ നിന്ന് 15 ലക്ഷം കിമീ അകലെയുള്ള ലഗ്രാഞ്ച് പോയന്റ് 1 (എല്‍ 1) ലാണ് ഉപഗ്രഹത്തെ എത്തിക്കുക. 5 വര്‍ഷവും 8 മാസവുമാണ് ദൗത്യത്തിന്റെ കാലാവധി. സൂര്യന്റേയും ഭൂമിയുടേയും ആകര്‍ഷണ വലയത്തില്‍ പെടാത്ത ഹാലോ ഓര്‍ബിറ്റിലാണ് ഉപഗ്രഹം സഞ്ചരിക്കുക.

1500 കിഗ്രാം ഭാരമുണ്ട് ഇതിന്. വിസിബിള്‍ ലൈന്‍ എമിഷന്‍ കൊറോണ ഗ്രാഫ് (വിഇഎല്‍സി), സോളാര്‍ അള്‍ട്രാ വയലറ്റ് ഇമേജിങ് ടെലസ്‌കോപ്പ് (എസ്യുഐടി), ഹൈ എനര്‍ജി എല്‍1 ഓര്‍ബിറ്റിങ് എക്‌സ്‌റേ സ്‌പെക്ട്രോമീറ്റര്‍ (എച്ച്യഇ.എല്‍.1.ഒ.എസ്), ആദിത്യ സോളാര്‍ വിന്‍ഡ് പാര്‍ട്ടിക്കിള്‍ എക്‌സ്പിരിമെന്റ് (എ.എസ്.പി.ഇ.എക്‌സ്), പ്ലാസ്മ അനലൈസര്‍ പാക്കേജ് ഫോര്‍ ആദിത്യ (പി.എ.പി.എ.), മാഗ്നറ്റോ മീറ്റര്‍, സോളാര്‍ ലോ എനര്‍ജി എക്‌സ്‌റേ സ്‌പെക്ട്രോമീറ്റര്‍ (എസ്.ഒ.എല്‍.ഇ.എക്‌സ്.എസ്) എന്നിങ്ങനെ ഏഴ് പേലോഡുകളാണ് ആദിത്യ എല്‍ 1 ല്‍ ഉള്ളത്.

More Stories from this section

family-dental
witywide