പുതുപ്പള്ളിയിൽ ജെയ്ക് സി.തോമസ് എൽഡിഎഫ് സ്ഥാനാർഥി; ഔദ്യോഗിക പ്രഖ്യാപനം നാളെ

കോട്ടയം: പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഎമ്മിൽ നിന്ന് ജെയ്ക് സി തോമസ് തന്നെ മല്‍സരിക്കും. ജെയ്കിന്റെ പേര് മാത്രമാണ് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൈമാറിയത്. ഒന്നിലധികം പേരുകള്‍ ചര്‍ച്ച ചെയ്തുവെങ്കിലും ജെയ്ക് മല്‍സരിക്കുന്നതാണ് ഗുണം ചെയ്യുക എന്നാണ് സിപിഎം ജില്ലാ നേതാക്കളുടെ വികാരം. ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കും.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്നാണ് പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ തന്നെ മണർകാട് സ്വദേശിയായ ജെയ്ക്, 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചിരുന്നു. 2021ലെ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ചവയ്ക്കാനായത് ജെയ്ക്കിന് അനുകൂല ഘടകമായി.

നിലവിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, കേന്ദ്ര കമ്മിറ്റി അംഗം, സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിക്കന്ന ജെയ്ക്, എസ്എഫ്ഐയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. എസ്എഫ്ഐ കോട്ടയം ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ആയിരിക്കെയാണ് 2016ൽ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചത്.

53 വര്‍ഷം ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പ്രതിനിധീകരിച്ച മണ്ഡലമാണ് പുതുപ്പള്ളി. ഇത്രയും കാലം ഒരേ മണ്ഡലത്തില്‍ നിന്ന് ജയിച്ചുവെന്ന റെക്കോര്‍ഡും ഉമ്മന്‍ ചാണ്ടിയുടെ പേരിലായിരുന്നു. 27ാം വയസില്‍ നേടിയ ആദ്യ ജയത്തിന് ശേഷം മരണം വരെ അദ്ദേഹം പുതുപ്പള്ളി എംഎല്‍എയായി. ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

More Stories from this section

family-dental
witywide