ചെകുത്താനും കടലിനും മധ്യേ കേരളത്തിലെ ജെഡിഎസ്, ഇന്ന് ദേവെഗൗഡയെ കാണും

തിരുവനന്തപുരം: ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിക്ക് ഒപ്പം നില്‍ക്കാന്‍ ജനതാദള്‍ സെക്കുലര്‍ (ജെഡിഎസ്) ദേശീയ നേതൃത്വം തീരുമാനിച്ചിരിക്കെ വെട്ടിലായത് കേരളഘടകം. എല്‍ഡിഎഫിൻ്റെ ഭാഗമായി നിലകൊള്ളുന്ന കേരളഘടകം എന്ത്ചെയ്യണമെന്ന് അറിയാതെ ധര്‍മസങ്കടത്തിലാണ്. ഇന്ന് കേരള ഘടകം നേതാക്കാള്‍ പാര്‍ട്ടി തലവന്‍ എച്ച് ഡി ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തും. കേരള വൈദ്യുതി മന്ത്രി കെ .കൃഷ്ണന്‍കുട്ടി, മാത്യു ടി. തോമസ് എന്നിവരാണ് ദേവഗൗഡയെ ബെംഗളൂരുവിലെത്തി കാണുന്നത്. കേരള ഘടകത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാം എന്ന് നേരത്തേ ദേവേഗൗഡ പ്രതികരിച്ചിരുന്നു.

കേരളത്തില്‍ എല്‍ഡിഎഫിനൊപ്പം തന്നെ തുടരുമെന്നാണ് പാര്‍ട്ടി ദേശീയ സെക്രട്ടറി കൂടിയായ ജോസ് തെറ്റയില്‍ പ്രതികരിച്ചിരുന്നത്. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ മുന്നണിയില്‍ വലിയ പ്രതിസന്ധിയായേക്കും. ബിജെപിക്കെതിരെ മത്സരിക്കുന്ന ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണ് എല്‍ഡിഎഫ്. അതിനാല്‍ ജെഡിഎസിന്റെ ഇരട്ടനിലപാട് ചോദ്യം ചെയ്യപ്പെടും.

ജെഡിഎസ് ബിജെപിക്ക് കൈ കൊടുത്തതില്‍ കര്‍ണാടകയിലെ പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് മുതിര്‍ന്ന നേതാക്കള്‍ താനുമായി കൂടിയാലോചിച്ചില്ലെന്ന് ജെഡിഎസ് കര്‍ണാടക അധ്യക്ഷന്‍ സിഎം ഇബ്രാഹിം തുറന്നുപറഞ്ഞു. ബിജെപിയിലേക്ക് പോയത് തെറ്റായ തീരുമാനമായിപ്പോയി, ബിജെപി ഇങ്ങോട്ട് വരണമായിരുന്നെന്നും ഇബ്രാഹിം പറയുന്നു.

ദേശീയ നേതൃത്വത്തിന്റെ തീരുമാനം സംബന്ധിച്ച് ഒക്ടോബര്‍ 16ന് വിശദമായ ചര്‍ച്ചകള്‍ നടത്തുമെന്നാണ് മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ ഇബ്രാഹിം അറിയിക്കുന്നത്. സഖ്യം സംബന്ധിച്ച് ഒരു തീരുമാനം എടുക്കുമ്പോള്‍ അത് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യാന്‍ തയാറാകണമെന്നും പുതിയ തീരുമാനങ്ങള്‍ തന്നെ വേദനിപ്പിച്ചതായും ഇബ്രാഹിം കൂട്ടിച്ചേര്‍ത്തു. ജെഡിഎസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരുമെന്നാണ് ഇബ്രാഹിമിന്റെ നിലപാട്.

ബിജെപിക്കൊപ്പം ചേര്‍ന്നതുകൊണ്ട് പാര്‍ട്ടിക്ക് തിരിച്ചടികളുണ്ടാകില്ലെന്നാണ് ദേവഗൗഡ പറഞ്ഞത്. നേതാക്കളാരും പാര്‍ട്ടി വിടില്ല. പുതിയ സഖ്യരൂപീകരണം മൂലം പാര്‍ട്ടിക്ക് വീഴ്ചയുണ്ടാകുമെന്നത് കേവലം തെറ്റിദ്ധാരണ മാത്രമാണ്.. പാര്‍ട്ടിയെ രക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമാണ് സഖ്യം ദേവഗൗഡ കഴിഞ്ഞ ദിവസം വ്യക്തമാക്കി.

സെപ്തംബര്‍ 22നായിരുന്നു ജെഡിഎസിന്റെ എന്‍ഡിഎ പ്രവേശനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. എച്ച് ഡി കുമാരസ്വാമി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു തീരുമാനം. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു ജെഡിഎസ് നിലകൊണ്ടത്.

More Stories from this section

family-dental
witywide