
ന്യൂഡല്‍ഹി : കൊറോണ വൈറസിന്റെ ഉപ വകഭേദമായ ജെഎന്‍.1 ന്റെ കേസ് ഡല്‍ഹിയിലും റിപ്പോര്‍ട്ട് ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിശോധയ്ക്കായി ഒന്നിലധികം സാമ്പിളുകള്‍ അയച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് തലസ്ഥാന നഗരിയില്‍ ജെഎന്‍.1 ന്റെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് സാമ്പിളുകളില്‍ ഒന്ന് ജെഎന്‍.1 ഉം രണ്ടെണ്ണം ഒമിക്റോണും ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നഗരത്തില്‍ ഒമ്പത് പുതിയ കോവിഡ് -19 കേസുകള്‍ കണ്ടെത്തിയതായി ഡല്‍ഹി ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. നഗരത്തില്‍ ഇപ്പോള്‍ 35 സജീവ കേസുകളുണ്ട്. കൊമോര്‍ബിഡിറ്റിയുള്ള ഒരാള്‍ ബുധനാഴ്ച മരിച്ചിരുന്നു. എന്നാല്‍ കോവിഡ് രോഗബാധ കാരണമല്ലെന്നാണ് പ്രാഥമിക വിവരം.
‘ഇയാള്‍ ദില്ലിയില്‍ നിന്നുള്ള ആളല്ല, അടുത്തിടെ ഒരു സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടയാളാണ്. അദ്ദേഹത്തിന് ഒന്നിലധികം രോഗങ്ങളുണ്ടായിരുന്നു, കോവിഡ് കണ്ടെത്തിയത് ആകസ്മികമായിട്ടായിരുന്നു. അദ്ദേഹത്തിന്റെ സാമ്പിള്‍ ജീനോം സീക്വന്‍സിംഗിനായി അയച്ചു, റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്.’ – ഒരു ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.
ഇന്നലെ രാവിലെ 8 മണിക്ക് അപ്ഡേറ്റ് ചെയ്ത മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 529 പേര്‍ക്കു കൂടി പുതിയതായി കോവിഡ് -19 ബാധ രേഖപ്പെടുത്തി, ഇപ്പോള്‍ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 4,093 ആണ്.










