ആരോഗ്യ മന്ത്രിയുടെ ഓഫിസിലെ നിയമനക്കോഴ വിവാദം: മുഖ്യപ്രതി അഖില്‍ സജീവ് പിടിയില്‍

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫ് അഖിൽ മാത്യുവുമായി ബന്ധപ്പെട്ട നിയമന കോഴ വിവാദത്തിലെ മുഖ്യ പ്രതി അഖിൽ സജീവ് പൊലീസ് പിടിയിൽ. ഒളിവിലായിരുന്ന പ്രതിയെ പത്തനംതിട്ട ഡിവൈഎസ്പി എസ്.നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം തേനിയിൽനിന്നാണ് പിടികൂടിയത്. അഖിലിനെ പത്തനംതിട്ടയിൽ എത്തിച്ചിട്ടുണ്ട്.

ഹോമിയോ ഡോക്ടർ തസ്തികയിൽ നിയമനം വാഗ്ദാനം ചെയ്ത് മലപ്പുറം സ്വദേശി ഹരിദാസന്റെ കയ്യിൽനിന്ന് കോഴ വാങ്ങിയെന്നാണ് ആരോപണം. ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന് പണം നൽകാനെന്ന് അഖിൽ സജീവ് തന്നോട് പറഞ്ഞിരുന്നതായി ഹരിദാസൻ പൊലീസിന് മൊഴി നൽകിയിരുന്നു.

നിയമന തട്ടിപ്പ് കേസിൽ ആരോപണം നേരിടുന്ന മറ്റുള്ളവരുടെ ചോദ്യം ചെയ്യലുകൾ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അഖിൽ സജീവാണ് കേസിലെ മുഖ്യ സൂത്രധാരനെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അഖിൽ ചെന്നൈയിലേക്ക് കടന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അവിടെനിന്ന് അഖിൽ തേനിയിലെത്തിയപ്പോഴാണ് അറസ്റ്റുണ്ടായതെന്നാണ് വിവരം.