ന്യൂഡൽഹി: പബ്ജിയിലൂടെ പ്രണയിച്ച യുവാവിനെ തേടി ഇന്ത്യയിലെത്തിയ സീമ ഹെെദറെന്ന പാകിസ്ഥാന്‍ യുവതിയുടെ കഥ വാർത്തയായതിന് പിന്നാലെ, ഇന്ത്യ- പാകിസ്ഥാന്‍ അതിർത്തി കടന്ന് വീണ്ടുമൊരു ഒത്തുചേരല്‍. ഇത്തവണ പാകിസ്ഥാനിലെ കറാച്ചി സ്വദേശിയായ അമീനയും രാജസ്ഥാനിലെ ജോധ്പൂർ സ്വദേശിയായ അർബാസ് ഖാനും ഒന്നിച്ചത് ഓണ്‍ലെെന്‍ വിവാഹത്തിലൂടെയാണ്. വധുവായ അമീന വിവാഹത്തിന് മുന്‍പ് ഇന്ത്യന്‍ വിസയ്ക്ക് വേണ്ടി അപേക്ഷിച്ചെങ്കിലും വിസ വെെകിയതിനാലാണ് ചടങ്ങുകള്‍ ഓണ്‍ലെെനാക്കാന്‍ ഇരുകുടുംബങ്ങളും തീരുമാനിച്ചത്.
ബുധനാഴ്ച രാത്രി വീഡിയോ കോൺഫറൻസ് വഴിയാണ് വിവാഹചടങ്ങുകള്‍ പൂർത്തിയാക്കിയത്. അഭിഭാഷകനായ അർബാസ് ഖാൻ, സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം ജോധ്പുരിലെ ഓസ്വാൾ സമാജ് ഭവനിൽ വെർച്വൽ വിവാഹച്ചടങ്ങില്‍ പങ്കെടുത്തു. ജോധ്പുർ ഖാസിയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. കറാച്ചിയില്‍ നടന്ന ചടങ്ങില്‍ കുടുംബത്തിന്റെ സാന്നിധ്യത്തില്‍ മൂന്നുതവണ ‘കുബൂല്‍’ പറഞ്ഞ് അമീനയും സമ്മതമറിയിച്ചു. വലിയ എല്‍ഇഡി സ്ക്രീനുകളിലൂടെ കുടുംബാംഗങ്ങള്‍ വിവാഹത്തിന് സാക്ഷ്യം വഹിച്ചു.
പാകിസ്ഥാനിലെ ബന്ധുക്കള്‍ വഴിയാണ് അമീനയുടെ വിവാഹാലോചന വന്നതെന്നും, വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണിതെന്നും വരന്‍ അർബാസ് ടെെംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. വിസ ലഭിച്ച് അമീനയും കുടുംബവും ഇന്ത്യയിലെത്തുമ്പോള്‍ ചെറിയ ചടങ്ങുകളിലൂടെ വീണ്ടും വിവാഹം നടത്തുമെന്നും അർബാസ് അറിയിച്ചു. പാകിസ്ഥാനിൽവെച്ച് വിവാഹം നടത്തിയാല്‍ ഇന്ത്യയിൽ ആ വിവാഹത്തിന് നിയമപരമായ അംഗീകാരം ലഭിക്കില്ല. ഇക്കാരണത്താലാണ് ഓണ്‍ലെെന്‍ വിവാഹത്തിലേക്ക് കുടുംബം കടന്നത്.
രാജസ്ഥാനിലെ ജോധ്പൂരിലും മറ്റ് അതിർത്തി നഗരങ്ങളിലും പാകിസ്ഥാനിൽ ബന്ധുക്കളുള്ള നിരവധി കുടുംബങ്ങളുണ്ട്. അതുകൊണ്ടു തന്നെ ഇത്തരം വിവാഹങ്ങള്‍ സാധാരണമാണെന്ന് വരന്റെ കുടുംബം പറയുന്നു. അർബാസിന്റെ കുടുംബാംഗങ്ങളിൽ ഒരാൾ മുന്‍പ് അമീനയുടെ കുടുംബത്തിലെ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തിട്ടുണ്ട്.