
2026 നാഷണല്‍ കമ്മറ്റിയിലേക്ക് ജോയി കൂടാലി മത്സരിക്കുന്നു. അമേരിക്കയിലെ സാമൂഹിക, സാംസ്‌കാരിക, സംഘടനാ രംഗത്ത് സജീവ സാന്നിദ്ധ്യമായ ജോയി കൂടാലി കൈരളി ഓഫ് ബാള്‍ട്ടിമൂറിന്റെ 2024 അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനാണ്. കൈരളിയുടെ മുന്‍ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. കേരളത്തില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അദ്ദേഹം അമേരിക്കയില്‍ എത്തിയ നാള്‍ മുതല്‍ പ്രാദേശിക സംഘടന രംഗത്ത് സജീവമാണ്. തൃശൂര്‍ സ്വദേശിയായ ജോയി കൂടാലി ഫൊക്കാനയുടെ ഭാവി നേതൃത്വത്തിന് മുതല്‍ക്കൂട്ടാണ്. ഏറ്റെടുക്കുന്ന ഏത് സ്ഥാനവും ആത്മാര്‍ത്ഥമായി നിര്‍വ്വഹിക്കുകയും സമയബന്ധിതമായി സംഘടനാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുന്ന അദ്ദേഹം ഡോ. കല ഷഹിയുടെ പാനലില്‍ നിന്നാണ് നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നത്.
ഡോ. ബാബു സ്റ്റീഫന്റെയും, ഡോ. കല ഷഹിയുടേയും നേതൃത്വത്തില്‍ ഫൊക്കാന വിജയ പാതയിലാണ്. കൃത്യമായ സംഘാടനത്തിലൂടെ ഫൊക്കാനയുടെ നിരവധി പദ്ധതികളാണ് ഫൊക്കാന നടപ്പിലാക്കുന്നത്. ഭവന നിര്‍മ്മാണ പദ്ധതികള്‍ ഉള്‍പ്പെടെ നിരവധി പദ്ധതികളാണ് ഫൊക്കാന നടപ്പില്‍ വരുത്തുന്നത്. അമേരിക്കയിലെ യുവതലമുറയെ അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുവാന്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ ഫൊക്കാനയ്ക്ക് ഭാവിയില്‍ യുവതലമുറയുടെ നേതൃത്വം ഉറപ്പിക്കാന്‍ പറ്റുമെന്ന് ജോയി കൂടാലി അഭിപ്രായപ്പെട്ടു.
ശക്തമായ നേതൃത്വമാണ് ഫൊക്കാനയുടെ അടിത്തറയെന്നും ജോയി കൂടാലിയെ പോലെയുള്ള സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തകരെ ഫൊക്കാനയുടെ നേതൃസ്ഥാനത്തേക്ക് ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോ. കല ഷഹി പറഞ്ഞു. ബാള്‍ട്ടിമൂര്‍ കൈരളിയുടെ നിറസാന്നിദ്ധ്യമായ ജോയി കൂടാലിയുടെ സാന്നിദ്ധ്യം ഡോ. കല ഷഹിയുടെ ടീമിന് ശക്തി പകരുമെന്ന് ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി ജോര്‍ജ് പണിക്കര്‍, ട്രഷറര്‍ സ്ഥാനാര്‍ത്ഥി രാജന്‍ സാമുവേല്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.















