
ന്യൂഡൽഹി : പ്രതിരോധ–-നയതന്ത്ര സഹകരണം കൂടുതൽ ദൃഢമാക്കാനും കവചിത വാഹനങ്ങൾ സംയുക്തമായി നിർമിക്കാനും ഇന്ത്യ–-യുഎസ് ‘ടു പ്ലസ് ടു’ യോഗത്തിൽ ധാരണ. സുഷമ സ്വരാജ് ഭവനിൽ നടന്ന ചർച്ചയിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും വിദേശമന്ത്രി എസ്. ജയ്‌ശങ്കറും ഇന്ത്യൻ സംഘത്തെ നയിച്ചു. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിനുമാണ് അമേരിക്കൻ സംഘത്തെ നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബ്ലിങ്കനും ഓസ്റ്റിനും കൂടിക്കാഴ്‌ച നടത്തി.
കവചിത വാഹനങ്ങൾ സംയുക്തമായി നിർമിക്കുന്നത് സംബന്ധിച്ച് സ്ഥിരീകരണം യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിനാണ് നൽകിയത്. റീപ്പർ ഡ്രോണുകൾ വാങ്ങുന്നത് സംബന്ധിച്ചും ധാരണയിലെത്തി. ബഹിരാകാശംമുതൽ ആഴക്കടൽവരെയുള്ള മേഖലകളിൽ സഹകരണം ശക്തമാക്കുമെന്നും ഓസ്റ്റിൻ പറഞ്ഞു. അമേരിക്കൻ ആയുധ നിർമാതാക്കൾക്ക് കവചിത വാഹനങ്ങൾക്കും ഡ്രോണുകൾക്കുമുള്ള താൽപ്പര്യപത്രം നൽകിയെന്ന് ഇന്ത്യൻ പ്രതിരോധ സെക്രട്ടറി ഗിരിധർ അരമാന സ്ഥിരീകരിച്ചു. സെമികണ്ടക്‌ടർ നിർമാണവും സംയുക്തമായി നടത്തും.
ഇന്ത്യക്കാർ കാനഡയിൽ നേരിടുന്ന സുരക്ഷാഭീഷണിയും ഇന്ത്യ ഉന്നയിച്ചു. ഖലിസ്ഥാൻ തീവ്രവാദത്തിനെതിരെ നടപടിയെടുക്കാൻ കാനഡയ്ക്ക് മേൽ സമ്മർദം ചെലുത്തണം. ഗാസയിൽ അന്താരാഷ്‌ട്ര നിയമങ്ങൾ പാലിക്കണമെന്നും ദ്വിരാഷ്‌ട്ര പരിഹാരം വീണ്ടും ആവർത്തിച്ചുവെന്നും ആവശ്യപ്പെട്ടതായി കേന്ദ്രവിദേശ സെക്രട്ടറി വിനയ് ക്വാത്ര വ്യക്തമാക്കി. ഇന്തോ–-പസഫിക്കിലെ ചൈനീസ് സാന്നിധ്യം ചെറുക്കാൻ കൂടുതൽ സഹകരണത്തിനും ധാരണയായി.
Joint understandings in U.S.-India 2+2 Ministerial Dialogue