സാക്ഷികളെ ഭീഷണിപ്പെടുത്തുന്നു; ഡൊണാൾഡ് ട്രംപിന് കോടതിയുടെ വിമർശനം

വാഷിങ്ടൺ: 2020 ലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം നടത്തിയതിന് കോടതി നടപടി നേരിടുന്ന അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ വിമർശനവുമായി യുഎസ് ജില്ലാ ജഡ്ജി താന്യ ചുട്കൻ. സാക്ഷികൾക്കെതിരെ ഭീഷണിയുടെ സ്വരത്തിലുള്ള പരാമർശങ്ങൾ നടത്തരുതെന്ന് കോടതി ട്രംപിന് താക്കീത് നൽകി.

“കേസിന്റെ സമഗ്രത സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും ഞാൻ സ്വീകരിക്കും,” താന്യ ചുട്കൻ പറഞ്ഞു.

എല്ലാ അമേരിക്കക്കാരനെപ്പോലെയും ട്രംപിനും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള ആദ്യ ഭേദഗതി അവകാശമുണ്ട്. എന്നാൽ ആ അവകാശം കേവലമല്ല, താന്യ പറഞ്ഞു. “പ്രതിയുടെ സ്വതന്ത്രമായ സംസാരം കോടതിയിൽ ചുമത്തിയിരിക്കുന്ന ജാമ്യ വ്യവസ്ഥകൾക്ക് വിധേയമാണ്, അത് നീതിയുടെ ചിട്ടയായ ഭരണത്തിന് വഴങ്ങുകയും വേണം.”

ഈ കേസിനെക്കുറിച്ചുള്ള നിങ്ങളുടെ പരസ്യ പ്രസ്താവനകളിൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഞാൻ നിങ്ങൾക്കും നിങ്ങളുടെ കക്ഷിക്കും മുന്നറിയിപ്പ് നൽകുന്നു,” ഒരു ഹിയറിങ്ങിനിടെ ട്രംപിന്റെ അഭിഭാഷകൻ ജോൺ ലോറോയോട് താന്യ ചുട്കൻ പറഞ്ഞു. കേസിൽ ട്രംപിന്റെ വിചാരണ വേഗത്തിലാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.