‘കുപ്രചാരണം നിര്‍ത്തണം’, ട്രംപിന് താക്കീത്, ഗാഗ് ഓര്‍ഡര്‍ പുറപ്പെടുവിച്ച് ജഡ്ജി

ന്യൂയോര്‍ക്: യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ താക്കീത് ചെയ്ത് ന്യൂയോര്‍ക് സുപ്രീം കോടതി ജഡ്ജി ആര്‍തര്‍ എൻഗോറോണ്‍. സോഷ്യല്‍ മീഡിയ വഴി വ്യക്തിഹത്യയും അപകീര്‍ത്തികരമായ പ്രചാരണവും നടത്തുന്നത് തടയാനായി ഗാഗ് ഓഡറും പുറപ്പെടുവിച്ചു. ജഡ്ജിയുടെ ക്ലാര്‍ക്കിനെ അപകീര്‍ത്തിപ്പെടുത്തുംവിധം ട്രംപ് സോഷ്യല്‍ മീഡിയിയല്‍ ഒരു പോസ്റ്റിട്ടിരുന്നു. അങ്ങേയറ്റം വിലകുറഞ്ഞതും വ്യക്തിഹത്യാപരവും അസത്യം നിറഞ്ഞതുമായിരുന്നു ആ പോസ്റ്റ്. ഇത് ജഡ്ജിൻ്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്നാണ് ഗാഗ് ഓര്‍ഡര്‍ പുറപ്പെടുവിച്ചത്.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ, ഭീഷണി, മുൻവിധി എന്നിവ തടയാൻ ലക്ഷ്യമിട്ടാണ് ഈ ഇടപെടൽ. ഏതെങ്കിലും അറ്റോർണി, കോടതി ഉദ്യോഗസ്ഥർ, ജൂറി എന്നിവരെ കുറിച്ച് അപകീർത്തികരവും പ്രകോപിപ്പിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് ട്രംപിനെ ഈ ഉത്തരവ് വിലക്കും. എന്നാൽ കോടതിയിൽ സമർപ്പിച്ച രേഖകളിൽ നിന്നുള്ള കാര്യങ്ങൾ ഉദ്ധരിക്കുന്നതിനോ നിരപരാധിത്വം തെളിയിക്കുന്നതിനോ തടസമുണ്ടാകില്ല.

‘എൻ്റെ കോടതിയിലെ ആര്‍ക്കെങ്കിലും എതിരെയുള്ള വ്യക്തിപരമായ ആക്രമണം ഒരിക്കലും വച്ചുപൊറുപ്പിക്കില്ല, അത് അസ്വീകാര്യവും അനുചിതവുമാണ്’ – ജഡ്ജി ആര്‍തര്‍ എൻഗോറോണ്‍ പറഞ്ഞു. എല്ലാവര്‍ക്കും ഇതൊരു പാഠമായിരിക്കണമെന്നും ജഡ്ജി മുന്നറിയിപ്പ് നല്‍കി.

കോടതി ജീവനക്കാരി ഡെമോക്രാറ്റിക് നേതാവായ ചക് ഷൂമെറിനൊപ്പം നില്‍ക്കുന്ന പടം പോസ്റ്റ് ചെയ്ത് ഇത് അയാളുടെ കാമുകിയാണെന്ന് എഴുതുകയും .. ‘അപമാനകരം .’. ‘നീതി കിട്ടാന്‍ ഇനിയും വൈകും’ തുടങ്ങിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു ട്രംപ്.