ഷൈലജ ടീച്ചറിന്റെ ആത്മകഥ കണ്ണൂര്‍ സര്‍വകലാശാല എംഎ ഇംഗ്ളിഷ് പാഠപുസ്തകമാകുന്നു
കണ്ണൂര്‍: മുന്‍ ആരോഗ്യമന്ത്രിയും മട്ടന്നൂര്‍ എംഎല്‍എയുമായ കെ.കെ.ഷൈലജയുടെ ആത്മകഥയുടെ ഇംഗ്ളിഷ് പതിപ്പ് ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ കണ്ണൂര്‍ സര്‍വകലാശാലയുടെ എംഎ ഇംഗ്ളിഷ് ഒന്നാംവര്‍ഷ സിലബസില്‍ ഉള്‍പ്പെടുത്തി. സിലബസ് തയാറാക്കിയത് ഒരു അഡ്ഹോക് കമ്മിറ്റിയാണ്. സര്‍വകലാശാല വെബ്സൈറ്റില്‍ കൊടുക്കുന്നതിനു പകരം സിലബസ് വാട്സ്ആപ് വഴിയാണ് പുറത്തുവിട്ടത്. സിലബസ് രാഷ്ട്രീയവല്‍ക്കരണം എതിര്‍ക്കുമെന്നും അധ്യാപകരും വിദ്യാര്‍ഥികളും ഇത് ബഹിഷ്കരിക്കണമെന്നും കെപിസിടിഎ കണ്ണൂര്‍ മേഖലാ കമ്മിറ്റി ആഹ്വാനം ചെയ്തു. കെ.കെ ഷൈലജയുടെ ആത്മകഥ – ഒരു സഖാവ് എന്ന നിലയില്‍ എന്റെ ജീവിതം ഈ വര്‍ഷം ഏപ്രിലിലാണ് പുറത്തിറങ്ങിയത്.
കണ്ണൂർ സർവകലാശാല എം.എ ഇംഗ്ലീഷ് ഒന്നാം സെമസ്റ്ററിലെ ഇലക്ടീവ് കോഴ്സിൽ ലൈഫ് റൈറ്റിങ് വിഭാഗത്തിൽ കോർ റീഡിങ്ങിനുള്ള പുസ്തകമാണ് ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ എന്നത്. ബി.ആര്‍ അംബേദ്കര്‍, മഹാത്മാഗാന്ധി, സി.കെ. ജാനു എന്നിവരുടെ ആത്മകഥകള്‍ക്ക് ഒപ്പമാണ് ഇതുകൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ് മഹാമാരിക്കാലത്ത് ആരോഗ്യമന്ത്രിയായിരുന്ന കെ.കെ. ഷൈലജയുടെ നേതൃപാഠവും ഇടപെടലുകളും ലോകത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അത്തരം പ്രതിസന്ധികളെ തരണം ചെയ്തു മികവു കാട്ടിയ ഒരു സ്ത്രീയുടെ ആത്മകഥ പുതിയ കാലത്തെ തലമുറ വായിക്കുന്നതില്‍ തെറ്റൊന്നുമില്ല എന്ന നിലപാട് ഒരുവിഭാഗം മുന്നോട്ടുവയ്ക്കുന്നു. തന്റെ ആത്മകഥ പാഠ്യഭാഗമാക്കേണ്ട കാര്യമൊന്നുമില്ല എന്ന നിലപാടിലാണ് കെ.കെ ഷൈലജ.