തുടർച്ചയായ മൂന്നാം തവണയും അധികാരത്തിൽ വന്നാൽ പാർട്ടി തകരും; ഇടത് വിമർശനവുമായി സച്ചിദാനന്ദൻ

തിരുവനന്തപും: മൂന്നാം തവണയും അധികാരത്തിലെത്തിയാൽ കേരളത്തിൽ ഇടതുപക്ഷം തകരുമെന്ന് കവിയും കേരള സാഹിത്യ അക്കാഡമി പ്രസിഡന്റുമായ കെ. സച്ചിദാനന്ദൻ. ദ് ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിലാണ് സച്ചിദാനന്ദൻ ഇക്കാര്യം പറഞ്ഞത്.

“വീണ്ടും അധികാരത്തിലെത്തുന്നത് കേരളത്തിൽ പാർട്ടിയെ നശിപ്പിക്കും. ഇടതുപക്ഷ സര്‍ക്കാരിന് ബംഗാളില്‍ ഉണ്ടായ അനുഭവം കേരളത്തിലും ഉണ്ടാകാതിരിക്കണമെങ്കില്‍ അടുത്ത തവണ ഇടതുപക്ഷം അധികാരത്തിലെത്താതിരിക്കാനാണ് പ്രാര്‍ത്ഥിക്കേണ്ടത്. മൂന്ന് തവണ ഒരു പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ സ്വാഭവികമായും പാര്‍ട്ടിക്ക് ഒരു ഏകാധിപത്യ സ്വഭാവം കൈവരും,” അദ്ദേഹം പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ വ്യക്തി ആരാധന വളരെയധികം ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തി ആരാധന സ്റ്റാലിന്റെ കാലത്ത് നമ്മള്‍ കണ്ടതാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി സ്റ്റാലിനേയും സ്റ്റാലിനിസത്തേയും വിമര്‍ശിക്കുന്നില്ലെങ്കില്‍, വ്യക്തി ആരാധന പല രൂപങ്ങളില്‍ ഉയര്‍ന്നുവരുമെന്ന അപകടമുണ്ടെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. വ്യക്തി ആരാധനയ്ക്ക് ഏതെങ്കിലും നേതാവിനെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അതിന് ഇത്തരം ആരാധനയുടെ പിന്നിലെ മനശാസ്ത്രം മനസിലാക്കേണ്ടതുണ്ട്. ഇത്തരമൊരു സാഹചര്യം മുമ്പ് കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു.

“ഇടതുപക്ഷം എന്ന ആശയം വളരെ സജീവമായതാണ്. വലതുപക്ഷ ആശയങ്ങള്‍ക്ക് വശംവദരാകാത്ത ആളുകള്‍ ഇപ്പോഴും സിപിഎമ്മിലും സിപിഐയും നിലനില്‍ക്കുന്നുണ്ട്. വലതുപക്ഷ ആശയങ്ങള്‍ കേരളത്തില്‍ വേരൂന്നുന്നത് നമ്മുടെ മൂക്കിന് താഴെ കൂടിയാണ്. അല്ലാതെ ഹൈവേകളിലൂടെ മാര്‍ച്ച് നടത്തിയല്ല. അത് നമ്മുടെ പുരാണങ്ങളെയും ആചാരങ്ങളെയും പുനര്‍ വ്യാഖ്യാനം ചെയ്യാന്‍ ശ്രമിക്കുന്നു. ഓണത്തെ വാമനപൂജ എന്ന് വിശേഷിപ്പിക്കുക തുടങ്ങിയവ പോലെ. പലപ്പോഴും തത്വാധിഷ്ഠിത നിലപാട് സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന സമുദായങ്ങള്‍ക്കും ജാതി സംഘടനകള്‍ക്കും ഇടയില്‍ ഭിന്നതകള്‍ സൃഷ്ടിക്കുന്നു. അതേസമയം ഇതില്‍ നിലപാട് എടുക്കാതിരിക്കുന്നത് ഏറെ അപകടകരമാണെ.”ന്നും സച്ചിദാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.

More Stories from this section

dental-431-x-127
witywide