മുഖ്യമന്ത്രി ‘സൈക്കോ പാത്ത്’; 2024 പിണറായിക്ക് ഉറക്കമില്ലാത്ത നാളുകൾ: കെ. സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സൈക്കോ പാത്ത് ആണെന്നും ക്രൂരതയുടെ പര്യായമാണെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. മുഖ്യമന്ത്രി ഉമ്മാക്കി കാണിച്ച് പേടിപ്പിക്കാൻ ശ്രമിക്കുകയാണെന്നും സുധാകരൻ പറഞ്ഞു. ഡിജിപി ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ കോൺഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു കെ. സുധാകരൻ.

‘‘പിണറായിക്ക് കൊലയാളി മനസ്സാണ്. പിണറായി വിജയനെ നിലയ്ക്ക് നിർത്താൻ സിപിഎമ്മിൽ ആളില്ല. കരിങ്കൊടി കാണിക്കാൻ പോലും കേരളത്തിൽ പറ്റുന്നില്ല. ഇവിടെ നിയമവാഴ്ച ഉണ്ടോ?,” കെ.സുധാകരൻ ചോദിച്ചു.

2024 പിണറായിക്ക് ഉറക്കമില്ലാത്ത നാളുകളാകുമെന്ന് കെപിസിസി പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. പൊലീസ് അതിക്രമങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ഡിസംബര്‍ 27 ന് ബ്ലോക്ക് തലത്തില്‍ പൊലീസിനെതിരെ പ്രതിഷേധം നടത്തുമെന്നും സുധാകരന്‍ പറഞ്ഞു.

തന്‍റെ ശാരീരിക പ്രശ്നങ്ങള്‍ പിണറായിക്ക് അറിയാമെന്നും അതുകൊണ്ടാണ് അക്രമത്തിന് നിര്‍ദേശം നല്‍കിയതെന്നും സുധാകരന്‍ ആരോപിച്ചു. ഇന്നലത്തെ പൊലീസ് നടപടിക്കിടെ നേതാക്കളുടെ അടുത്ത് ഷെല്ലുകള്‍ വീണു. അവ പൊട്ടിയിരുന്നെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം തന്നെ വാഷൗട്ടാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഗുണ്ടകള്‍ പൊലീസിനെ നോക്കുകുത്തിയാക്കുകയാണെന്നും സുധാകരൻ ആരോപിച്ചു.

Also Read

More Stories from this section

family-dental
witywide