
നടി രശ്മിക മന്ദാനയുടേതെന്ന പേരിൽ ഡീപ് ഫേക്ക് വീഡിയോ പ്രചരിച്ച സംഭവം തണുക്കും മുൻപേ ഇതാ മറ്റൊന്നുകൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. ബോളിവുഡ് താരം കജോളിന്റെ വീഡിയോയാണ് ഇത്തരത്തിൽ പ്രചരിക്കുന്നത്. ഒരു മലയാളി പേരുള്ള ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
കജോളിന്റെ പേരിൽ പുറത്തുവന്നത് ഡീപ് ഫേക്ക് വീഡിയോയാണെന്ന് ഫാക്ട് ചെക്ക് വെബ്സൈറ്റായ ബൂം ലൈവ് റിപ്പോർട്ടു ചെയ്യുന്നു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ ടിക്ക് ടോക്ക് വിഡിയോ ക്ലിപ്പിൽ നടിയുടെ മുഖം കൃത്രിമമായി ചേർത്താണ് വിഡിയോ നിർമിച്ചിരിക്കുന്നതെന്ന് ബൂം ലൈവിന്റെ റിപ്പോർട്ടിൽ പറയുന്നു.
കജോൾ വസ്ത്രം മാറുന്നു എന്ന രീതിയിലുള്ള തലക്കെട്ടുകളോടെയാണ് ഒരേ വീഡിയോ വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്നത്. പലതിനും ലക്ഷങ്ങളാണ് കാഴ്ചക്കാർ. വിവിധ തലക്കെട്ടുകളിൽ യൂട്യൂബിലും ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. വീഡിയോക്ക് പുറമേ നിരവധി സ്ക്രീൻഷോട്ടുകളും പങ്കുവെയ്ക്കപ്പെടുന്നവയിൽ ഉൾപ്പെടുന്നു. ഒരു ടിക് ടോക് അക്കൗണ്ടിലാണ് ഈ വീഡിയോ ഉണ്ടാക്കാനുപയോഗിച്ച യഥാർത്ഥ ദൃശ്യം അപ് ലോഡ് ചെയ്തിരിക്കുന്നത്. ഈ വർഷം ജൂൺ അഞ്ചിനാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്.
അതേസമയം, ഡീപ് ഫേക്കുകള്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇത് സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുമെന്നും ഡീപ് ഫേക്കുകള്‍ക്കെതിരെ മാധ്യമങ്ങള്‍ ജനങ്ങളെ ബോധവത്കരിക്കണമെന്നും കൂട്ടിച്ചേർത്തു. ഡീപ് ഫേക്കുകള്‍ നിര്‍മിക്കാന്‍ നിര്‍മിതബുദ്ധി ദുരുപയോഗം ചെയ്യുന്നതിനെതിരെ മാധ്യമങ്ങളും ജനങ്ങളും ജാഗരൂകരായിരിക്കണമെന്നും മോദി മുന്നറിയിപ്പ് നൽകി.