
കാക്കനാട്: കാക്കനാട് ഇന്‍ഫോപാര്‍ക്ക് പരിസരത്തുണ്ടായ അതി ശക്തമായ കാറ്റില്‍ ബെവ്‌കോ ഔട്ട്ലെറ്റിലെ അലമാരകള്‍ മറിഞ്ഞുവീണു. മൂവായിരത്തോളം മദ്യക്കുപ്പികള്‍ നിലത്തു വീണ് പൊട്ടി. കാക്കനാട് ഇന്‍ഫോ പാര്‍ക്കിലെ ബെവ്‌കോ ഔട്ട്‌ലെറ്റിന്റെ പ്രീമിയം കൗണ്ടറിലാണ് നാശനഷ്ടമുണ്ടായത്. ശക്തമായ കാറ്റില്‍ ജനല്‍ ചില്ലുകള്‍ തകര്‍ന്ന് മദ്യം സൂക്ഷിച്ചിരുന്ന റാക്കിന്റെ മുകളിലേക്ക് വീഴുകയായിരുന്നു.
മൂവായിരത്തോളം മദ്യക്കുപ്പികളാണ് നിലത്തേക്ക് വീണത്. മദ്യം വാങ്ങാനെത്തിയവരും കൗണ്ടറിലെ ജീവനക്കാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇന്ന് വൈകിട്ട് കനത്ത കാറ്റും മഴയുമാണ് പ്രദേശത്ത് ഉണ്ടായത്. മരങ്ങള്‍ കടപുഴകി വീഴുകയും ഇലക്ട്രിക് പോസ്റ്റുകള്‍ തകരുകയും ചെയ്തു. ഇന്‍ഫോപാര്‍ക്കിന് സമീപം എക്‌സ്പ്രസ് വേയിലും സമീപ റോഡുകളിലുമാണ് മരങ്ങള്‍ ഒടിഞ്ഞുവീണത്. ആളപയാമുള്ളതായി റിപ്പോര്‍ട്ടില്ല.