കൊച്ചിയില്‍ ഭക്ഷ്യവിഷബാധയേറ്റ് യുവാവിന്റെ മരണം; സമാന രീതിയില്‍ ആറ് പേര്‍ കൂടി ചികിത്സ തേടി

കൊച്ചി: കാക്കനാട് ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചതിനു പിന്നാലെ സമാന രീതിയില്‍ ഭക്ഷ്യവിഷബാധയുമായി ആറ് പേര്‍ കൂടി വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായി തൃക്കാക്കര നഗരസഭാ മെഡിക്കല്‍ ഓഫിസര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കു റിപ്പോര്‍ട്ട് നല്‍കി. നേരത്തേ മരിച്ച രാഹുലിന്റെ രക്തത്തില്‍ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട സാല്‍മോണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

ഷവര്‍മയിലൂടെയാണോ ഇത് ശരീരത്തില്‍ എത്തിയതെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. രാഹുലിന്റെ ഹൃദയത്തില്‍ നിന്നുള്ള രക്തസാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചു. രാഹുല്‍ ചികിത്സ തേടിയ അതേ ദിവസം തന്നെ സണ്‍റൈസ് ആശുപത്രിയില്‍ മറ്റ് രണ്ട് പേര്‍ കൂടി ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സ തേടിയിരുന്നതായി ആശുപത്രി അധികൃതര്‍ ഡി.എം.ഒ ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 19ന് ആറു പേര്‍ വിവിധ സ്ഥലങ്ങളില്‍ ചികിത്സ തേടിയതായി തൃക്കാക്കര മെഡിക്കല്‍ ഓഫീസര്‍ ഡി.എം.ഒ യ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

കാക്കനാട് സ്വദേശികളായ ഐഷ്‌ന അജിത് (34), അഥര്‍വ് അജിത് (8), ആഷ്മി അജിത് (3), ശ്യാംജിത് (30), അഞ്ജലി (26), ശരത് (26) എന്നിവരാണ് വിവിധ ദിവസങ്ങളിലായി ചികിത്സ തേടിയതായി കണ്ടെത്തിയത്. ആന്തരിക അവയവങ്ങളുടെ രാസപരിശോധന ഫലം രണ്ടു ദിവസത്തിനകം ലഭ്യമാകണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്തിമ റിപ്പോര്‍ട്ട് ലഭ്യമായതിനു ശേഷം കൂടുതല്‍ നടപടികള്‍ ഉണ്ടാവുമെന്നാണ് കേസ് അന്വേഷിക്കുന്ന തൃക്കാക്കര പൊലീസ് വ്യക്തമാക്കി. രാഹുലിന്റെ സഹോദരന്‍ കാര്‍ത്തിക്കിന്റെ പരാതിയില്‍ മാവേലിപുരത്തെ ലെ ഹയാത്ത് ഹോട്ടല്‍ ഉടമയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. രാഹുലിന്റെ സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി.

More Stories from this section

family-dental
witywide