അമ്മയറിഞ്ഞിട്ടില്ല പൊന്നോമന പോയത്; മോര്‍ച്ചറി തണുപ്പില്‍ ലിബ്‌ന കാത്തു കിടക്കുന്നു, അമ്മയ്ക്ക് ഒരു നോക്കു കാണാന്‍

കളമശ്ശേരി സ്‌ഫോടനം നടന്ന് അഞ്ച് ദിവസം പിന്നിടുകയാണ്. സ്‌ഫോടനത്തിന്റെ ആഘാതമെല്ലാം ആളുകള്‍ മറന്നു തുടങ്ങുന്നു. എന്നാല്‍ ഇപ്പോഴും തീയും ചൂടും കെട്ടടങ്ങാതെ എരിയുന്നൊരു ഹൃദയമുണ്ട്. ആദ്യം ദിവസം തന്നെ മരണത്തിനു കീഴടങ്ങിയ പന്ത്രണ്ടു വയസ്സുകാരി ലിബ്‌നയുടെ അച്ഛന്‍ പ്രദീപന്‍. ലിബ്‌നയുടെ മൃതദേഹം ഇതുവരെ സംസ്‌കരിച്ചിട്ടില്ല. കളമശ്ശേരി മെഡിക്കല്‍ കോളേജിന്റെ മോര്‍ച്ചറിയില്‍ തണുത്തുറഞ്ഞ ലിബ്‌നയുടെ ശരീരം കാത്തു വെച്ചിരിക്കുന്നത് അമ്മയ്ക്ക് അവസാനമായി മോളെ ഒരു നോക്ക് കാണാനാണ്.

അമ്മ അറിഞ്ഞിട്ടില്ല പൊന്നുമോള്‍ ലോകം വിട്ടു പോയ വിവരം. സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ ലിബ്‌നയുടെ അമ്മ സാലിയും സഹോദരന്‍ പ്രവീണും വെന്റിലേറ്ററില്‍ കഴിയുകയാണ്. മറ്റൊരു സഹോദരന്‍ രാഹുലും ചികിത്സയിലാണ്. ഇവര്‍ മൂന്നു പേരും ലിബ്‌നയുടെ മരണ വാര്‍ത്ത അറിഞ്ഞിട്ടില്ല. അച്ഛന്‍ അറിയിച്ചിട്ടില്ല. ജീവനു വേണ്ടി പോരാടുന്നവര്‍ ഈ വാര്‍ത്തയില്‍ തകര്‍ന്നടിഞ്ഞു പോകാതിരിക്കാന്‍ അദ്ദേഹം അവരെ ഒന്നുമറിയിക്കാതെ സ്വയം ഉരുകുന്നു.

ലിബ്‌നയ്ക്ക് രണ്ട് ചേട്ടന്മാരാണ്. ചേട്ടന്മാര്‍ പൊന്നു പോലെ നോക്കിയ കുഞ്ഞനുജത്തി. മലയാറ്റൂര്‍ നിലീശ്വരത്തെ വാടക വീട്ടില്‍ നിന്നും കഴിഞ്ഞ ഞായറാഴ്ച കളമശ്ശേരിയിലേക്ക് ഇവര്‍ എത്തിയത് ഒരുമിച്ച് സന്തോഷത്തോടെയാണ്. ഇനിയൊരിക്കലും അതേ സന്തോഷത്തോടെ അവര്‍ക്കാ വീട്ടിലേക്ക് തിരികെ ചെല്ലാന്‍ കഴിയില്ല. എല്ലാവരുടേയും എല്ലാമായ ലിബ്‌ന കൂടെയില്ലാതെയാണ് ഇനിയീ കുടുംബം മടങ്ങേണ്ടത്. പാചകത്തൊഴിലാളിയാണ് പ്രദീപന്‍. ഞായറാഴ്ച ജോലിയുണ്ടായിരുന്നതിനാല്‍ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം അദ്ദേഹം വന്നിരുന്നില്ല.

മകളുറങ്ങിക്കിടക്കുന്ന മോര്‍ച്ചറിയിലും ഭാര്യയും ആണ്‍മക്കളും ചികിത്സയില്‍ കഴിയുന്നിടത്തുമായി മാറി മാറി നടക്കുകയാണ് പ്രദീപന്‍. താങ്ങാനാകാത്ത ഭാരവും ഹൃദയത്തിലേറ്റിയുള്ള നടപ്പ്. നിലീശ്വരം എസ് എന്‍ ഡി പി സ്‌കൂള്‍ ഏഴാം ക്ലാസിലെ ലീഡറായിരുന്നു ലിബ്‌ന. പഠനത്തിലും മറ്റു കാര്യങ്ങളിലും മിടുക്കി. ലിബ്‌നയെ അവസാനമായി കാണണമെന്ന് സഹപാഠികള്‍ പറയുമ്പോള്‍ അവരെ എങ്ങനെ അവള്‍ക്കരികിലേക്ക് കൊണ്ടു വരുമെന്ന് ക്ലാസ് ടീച്ചര്‍ ചോദിക്കുന്നു. ലിബ്‌നയുടെ മൂത്ത ചേട്ടന്‍ പ്രവീണിന് ചെന്നൈയില്‍ ജോലി കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ഈ കുടുംബം. എല്ലാ സന്തോഷവും തല്ലിക്കെടുത്തി വിധി ക്രൂരതയുടെ ആള്‍രൂപമായപ്പോള്‍ വേദന മാത്രം ബാക്കിയാകുന്നു.

More Stories from this section

family-dental
witywide