
കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രമേഹത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ വലതുകാല്‍പാദം മുറിച്ചുമാറ്റിയിരുന്നു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മൂന്നു മാസത്തെ അവധിയെടുത്തിരുന്നു.
തുടര്‍ച്ചയായി മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്നു കാനം രാജേന്ദ്രന്‍. 2015, 2018, 2022 വര്‍ഷങ്ങളിലായിരുന്നു അത്. കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തില്‍ വി കെ പരമേശ്വരന്‍ നായരുടെ മകനായി 1950 നവംബര്‍ 10നാണ് കാനത്തിന്റെ ജനനം. എഴുപതുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് കാനം രാഷ്ട്രീയരംഗത്തേക്ക് പ്രവേശിക്കുന്നത്.
1978-ല്‍ സിപിഐ യുടെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. എഐടിയുസി സംസ്ഥാന സെക്രട്ടറി എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 2015 മുതല്‍ സിപിഐ സംസ്ഥാന സെക്രട്ടറി ആയി. നിലവില്‍ സിപിഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗവുമായിരുന്നു. വനജയാണ് ഭാര്യ. മക്കള്‍: സ്മിത, സന്ദീപ്.