
തിരുവനന്തപുരം: കടുത്ത പ്രമേഹവും അണുബാധയും മൂലം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ കാൽപാദം മുറിച്ചുമാറ്റി. എന്നാൽ ചികിൽസയ്ക്കും വിശ്രമത്തിനും ശേഷം വീണ്ടും സജീവമായി രാഷ്ട്രീയത്തിലേക്ക് തിരികെ വരുമെന്ന് അദ്ദേഹം പറഞ്ഞു. ചികിൽസയ്ക്ക് ശേഷം വിശ്രമത്തിലായിരിക്കുന്ന അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഒരു ദിനപ്പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വലതുകാലിൻ്റെ അടിഭാഗത്ത് ചെറിയ മുറിവുണ്ടായി . പ്രമേഹം മൂലം അത് സുഖപ്പെട്ടില്ല. രണ്ടുമാസമായിട്ടും അത് മാറിയില്ല, പിന്നീട് ആശുപത്രിയിലെത്തിയപ്പോൾ അണുബാധ വളരെ വ്യാപിച്ചിരിക്കുന്നതായി കണ്ടെത്തി. ആദ്യം മൂന്നു വിരകൾ മുറിച്ചുമാറ്റി. എന്നിട്ടും അണുബാധ കുറഞ്ഞില്ല. ഒടുവിൽ കാൽപാദം തന്നെ മുറിച്ചുമാറ്റി. തൻ്റെ രോഗാവസ്ഥയെ കുറിച്ച് കാനം വ്യക്തമാക്കി. എന്നാൽ പഴയതുപോലെ തന്നെ സജീവമായി തിരികെ വരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. രണ്ടുമാസത്തിനുള്ളിൽ തന്നെ കൃത്രിമ കാൽപാദം വച്ചുപിടിക്കും. തൽക്കാലം മൂന്നുമാസത്തേക്ക് അവധിക്ക് അപേക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുമോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു മറുപടി. അവധിയെടുക്കുന്ന സമയത്ത് മറ്റൊരു സംവിധാനം പാർട്ടി തീരുമാനിക്കും. ഞങ്ങൾ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടു പോകും കാനം പറഞ്ഞു.
Kanam Rajendran’s foot was amputated due to Diabetes and infection