
ബംഗളൂരു: ഹിജാബ് വിഷയത്തില്‍ നിലപാട് മാറ്റി കര്‍ണാടക സര്‍ക്കാര്‍. സര്‍ക്കാര്‍ പരീക്ഷകളില്‍ ഹിജാബ് ധരിക്കാന്‍ നേരത്തേ അനുമതി നല്‍കിയ നിലപാടാണ് ഇപ്പോള്‍ വീണ്ടും മാറ്റിയിരിക്കുന്നത്. സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബിനു നിരോധനം ഉണ്ടെങ്കിലും സര്‍ക്കാര്‍ നടത്തുന്ന പരീക്ഷകളില്‍ ശിരോവസ്ത്രം ധരിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഒക്ടോബറില്‍ കര്‍ണാടക എക്സാമിനേഷന്‍ അതോറിറ്റി നടത്തിയ പരീക്ഷയില്‍ ഹിജാബ് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ വീണ്ടും നിലപാട് മാറ്റുന്ന നടപടിയാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.
അതേസമയം ഹിജാബിന് നിരോധനം എന്ന് ഉത്തരവില്‍ പ്രതിപാദിച്ചിട്ടില്ല. പകരം തലയോ, വായയോ, ചെവിയോ മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് പറയുന്നത്. പരീക്ഷയില്‍ താലി, നെക്ലേസ് പോലുള്ള ആഭരണങ്ങള്‍ ധരിക്കുന്നതിന് വിലക്കില്ല. നവംബര്‍ 18നും 19നും കര്‍ണാടക എക്സാമിനേഷന്‍ അതോറിറ്റിയുടെ ബോര്‍ഡുകളിലേക്കും കോര്‍പ്പറേഷനുകളിലേക്കുമുള്ള പരീക്ഷകളുടെ ഭാഗമായാണ് നടപടി. പരീക്ഷകളില്‍ ബ്ലൂടൂത്ത് ഉപയോഗിച്ച് ക്രമക്കേടുകള്‍ തടയുകയായാണ് ലക്ഷ്യമെന്നും അധികൃതര്‍ പറയുന്നു.