
ബംഗലൂരു: പരീക്ഷകളില്‍ ഹിജാബിന് വിലക്കില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. സര്‍ക്കാര്‍ സര്‍വീസുകളിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷകളില്‍ ഹിജാബ് ധരിക്കാമെന്നാണ് സര്‍്ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. കര്‍ണാടക അഡ്മിനിസ്ട്രേറ്റീവ് പരീക്ഷകളില്‍ (കെഎഇ) ഹിജാബിന് ഇനി വിലക്കുണ്ടാകില്ലെന്നും സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും വിദ്യാഭ്യാസമന്ത്രി എം സി സുധാകറിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.
ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ സര്‍വീസുകളിലേക്കുള്ള പരീക്ഷകളിലാണ് ഹിജാബ് വിലക്ക് നീക്കുന്നത്. തുടര്‍ച്ചയെന്നോണം ഘട്ടംഘട്ടമായി മറ്റ് പരീക്ഷകളില്‍ നിന്നും ഹിജാബ് വിലക്ക് നീക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എം സി സുധാകര്‍ പറഞ്ഞു. മുന്‍ സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തിയതിനാല്‍ അത് പിന്‍വലിക്കുന്നതിന് ഭരണഘടനാപരമായ നടപടികള്‍ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഹിജാബ് നിരോധനം പിന്‍വലിക്കുമെന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതുപരീക്ഷകളിലും ഹിജാബിന് നിരോധനമേര്‍പ്പെടുത്തിക്കൊണ്ടുള്ള നിയമം കര്‍ണാടകയില്‍ വന്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ബസവരാജ ബൊമ്മെയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരാണ് 2022 ല്‍ ഹിജാബ് നിരോധനം ഏര്‍പ്പെടുത്തിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നത് സമത്വത്തിനും സമഗ്രതയ്ക്കും പൊതു ക്രമത്തിനും ഭംഗം വരുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപി സര്‍ക്കാര്‍ നിരോധനം കൊണ്ടുവന്നത്.