
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളായ പി.ആര്‍ അരവിന്ദാക്ഷനെയും സി.കെ ജില്‍സനെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കലൂരിലെ പ്രത്യേക പിഎംഎല്‍എ കോടതിയാണു കേസ് പരിഗണിക്കുന്നത്. കസ്റ്റഡി അവസാനിച്ച സാഹചര്യത്തിലാണ് ഇവരെ പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കിയത്. പ്രതികളുടെ ജാമ്യാപേക്ഷ പന്ത്രണ്ടാം തീയതി കോടതി വീണ്ടും പരിഗണിക്കും.
സിപിഎം കൗണ്‍സിലര്‍ പി.ആര്‍. അരവിന്ദാക്ഷിനെതിരേ ഫോണ്‍ കോള്‍ റെക്കോഡുകള്‍ തെളിവുകളായി ഉണ്ടെന്നും ഒന്നാംപ്രതി സതീഷ് കുമാറിന്റെ ഫോണിലെ കോള്‍ റെക്കോഡുകളില്‍ അരവിന്ദാക്ഷന്റെ പങ്ക് വ്യക്തമാണെന്നും ഇഡി നേരത്തേ കോടതിയെ അറിയിച്ചിരുന്നു. സതീഷിന്റെ ഫോണില്‍ നിന്ന് ലഭിച്ച ശബ്ദ രേഖകളിലുള്ള ശബ്ദം തന്റേതാണെന്ന് അരവിന്ദാക്ഷന്‍ സമ്മതിച്ചതായും ഇഡി കോടതിയില്‍ പറഞ്ഞു.
എന്നാല്‍ പ്രതികള്‍ അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുന്നില്ലെന്നും ഇഡി കോടതിയില്‍ പറഞ്ഞു. ഫോണില്‍ നിന്ന് ലഭിച്ച ശബ്ദ രേഖകളിലുള്ള ശബ്ദം തന്റേതാണെന്ന് അരവിന്ദാക്ഷന്‍ സമ്മതിച്ചെങ്കിലും മറ്റു ചോദ്യങ്ങളോട് ഓര്‍മ്മയില്ല എന്ന മറുപടിയാണ് നല്‍കുന്നതെന്നും ഇഡി പറഞ്ഞു. അതേസമയം ആറ് ശബ്ദരേഖകള്‍ മാത്രമാണ് തന്നെ കേള്‍പ്പിച്ചതെന്നും എന്നാല്‍ പതിമൂന്നെണ്ണം കേട്ടു എന്ന് പറഞ്ഞാണ് ഒപ്പു വയ്പ്പിച്ചതെന്നും അരവിന്ദാക്ഷന്‍ കോടതിയില്‍ പറഞ്ഞു.