
തൃശൂര്‍: കരുവന്നൂര്‍ ബാങ്കിന്റെ മറവില്‍ നടത്തിയ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പങ്കാളികളായവരുടെ 57.75 കോടിയുടെ സ്വത്ത് വകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് താല്‍കാലികമായി കണ്ടുകെട്ടി. കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലായുള്ള 117 വസ്തുവകകളാണ് അന്വേഷണത്തിന്റെ ഭാഗമായി ഇഡി കണ്ടുകെട്ടിയിരിക്കുന്നത്. പതിനൊന്ന് വാഹനങ്ങളും 92 ബാങ്ക് അക്കൗണ്ടുകളിലെ സ്ഥിരനിക്ഷേപങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഇതോടെ കരുവന്നൂര്‍ കേസില്‍ ഇതുവരെ ഇഡി കണ്ടുകെട്ടിയത് 87.75 കോടിയുടെ സ്വത്താണ്.
കഴിഞ്ഞ ദിവസം കരുവന്നൂര്‍ ബാങ്കിലെ പത്തുവര്‍ഷത്തെ ഓഡിറ്റിങ് രേഖകളും ഓഡിറ്റര്‍മാരുടെ വിവരങ്ങളും ഇഡിക്ക് കൈമാറിയിരുന്നു. ഇതിന് പുറമേ കൂടുതല്‍ വ്യക്തതയ്ക്കായി കൂടുതല്‍ രേഖകള്‍ ഹാജരാക്കണമെന്ന ആവശ്യം ഇഡി മുന്നോട്ടുവെച്ചിരുന്നു. കേസിലെ മുഖ്യപ്രതി അരവിന്ദാക്ഷന്റെ അമ്മയുടെ പേരില്‍ 63 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്ന് ബാങ്ക് സെക്രട്ടറി ഇഡിക്ക് മൊഴി നല്‍കിയിരുന്നു. ഇതു കൂടാതെ മറ്റു കുടുംബാംഗങ്ങളുടെ പേരിലും ബാങ്ക് അക്കൗണ്ടുകളെടുത്തിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുന്നതായി ഇഡി കോടതിയെ അറിയിച്ചിരുന്നു.
കേസില്‍ അഞ്ചു പേരെ ഇഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. റബ്‌കോ മാനേജിംഗ് ഡയറക്ടര്‍ ഹരിദാസന്‍ നമ്പ്യാര്‍, ഒന്നാം പ്രതി പി സതീഷ്‌കുമാറിന്റെ സഹോദരന്‍ പി ശ്രീജിത്ത്, വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ മധു, ഇരിങ്ങാലക്കുട ഡിവൈഎസ്പിയായിരുന്ന ഫേമസ് വര്‍ഗ്ഗീസ്, ജ്വല്ലറി ഉടമ സുനില്‍ കുമാര്‍ എന്നിവരേയും ഇഡി ചോദ്യം ചെയ്തിരുന്നു.