
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ ബെനാമി ഇടപാട്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കേസുകളില്‍ വടക്കാഞ്ചേരി കൗണ്‍സിലറും സിപിഎം പ്രാദേശിക നേതാവുമായ പി.ആര്‍. അരവിന്ദാക്ഷനെ എന്‍ഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരിയിലെ വീട്ടിലെത്തിയാണ് ഇഡി കസ്റ്റഡിയിലെടുത്തത്. മുന്‍ മന്ത്രിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എ.സി. മൊയ്തീന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ ആദ്യമായാണ് ഒരു സിപിഎം നേതാവിനെ അറസ്റ്റ് ചെയ്യുന്നത്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ഇഡിക്ക് ഏറ്റവും കൂടുതല്‍ തെളിവുകള്‍ കൊടുത്തവരില്‍ ഒരാളാണ് അരവിന്ദാക്ഷന്‍ . ഇയാളുടേതും ഇടനിലക്കാരന്‍ ജിജോറിന്റെയും മൊഴികളുടെ കൂടി അടിസ്ഥാനത്തിലാണ് സതീശ് കുമാറിനെയും പി.പി. കിരണിനേയും ഇഡി അറസ്റ്റ് ചെയ്തത്.
ഈ മാസം 12 ന് അരവിന്ദാക്ഷനെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരുന്നു, അവിടെവച്ച് ഇയാളെ ഇഡി ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്നും കുനിച്ചു നിര്‍ത്തി കഴുത്തിന് കുത്തിയെന്നും ഇയാള്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ ചോദ്യം ചെയ്യല്‍ കഴിഞ്ഞ് കുറെ ദിവസങ്ങള്‍ക്ക് ശേഷം നല്‍കിയ പരാതി നിലനില്‍ക്കില്ല എന്ന് ഇഡി അവകാശപ്പെട്ടു.
തിരഞ്ഞെടുപ്പ് അടുത്ത് വരും തോറും കേരളം ഉള്‍പ്പെടെയുള്ള ബിജെപി ഇതര സംസ്ഥാനങ്ങളില്‍ ഇഡി വ്യാപകമായ തിരച്ചിലാണ്. സിപിഎമ്മിനേയും സഹകരണ പ്രസ്ഥാനത്തേയും തകര്‍ക്കാനുള്ള ബിജെപി നീക്കമാണ് നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ആരോപിച്ചു. തൃശൂരില്‍ സുരേഷ് ഗോപിക്കു വേണ്ടിയുള്ള പരിശ്രമങ്ങളാണ് ഇഡി നടത്തുന്നതെന്നും ആക്ഷേപമുണ്ട്.
അതേസമയം കരുവന്നൂര്‍ ബാങ്കിലെ ഇടപാടുകാരുടെ പണം എത്രയും വേഗം തിരികെ നല്‍കണമെന്ന ആവശ്യം സിപിഎം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഉയര്‍ന്നിട്ടുണ്ട്. എന്തെങ്കിലും നടപടി എടുക്കുന്നതിനു മുമ്പ് തന്നെ വളരെ വേഗം ഇഡി അറസ്റ്റിലേക്ക് നീങ്ങി.
അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തത് എ.സി മൊയ്തീനെ അറസ്ററ് ചെയ്തതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര പറഞ്ഞു.