തിരുവനന്തപുരം: കാട്ടാക്കടയില്‍ ഗൃഹനാഥനെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമം. അമ്പലത്തിൻകാല സ്വദേശി രാജേന്ദ്രന് നേരെയാണ് വധശ്രമമുണ്ടായത്. സംഭവത്തില്‍ നിരവധി കേസുകളില്‍ പ്രതിയായ കോടന്നൂർ സ്വദേശി എസ്കെ സദനത്തിൽ കിച്ചു (30) എന്ന ഗുണ്ട് റാവുവിനെ കാട്ടാക്കട പൊലീസ് പിടികൂടി. പ്രതിയെ കഴിഞ്ഞ ദിവസം കാട്ടാക്കട കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഞായറാഴ്ച പുലർച്ചെ കുളവിയോട് മരുതുംകുഴിയിലാണ് സംഭവം നടന്നത്. മൂന്നരയോടെ പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി രാജേന്ദ്രന്റെ കിടപ്പുമുറിയിലെ ജനലിലൂടെ പാമ്പിനെ ഏറിയുകയായിരുന്നു. രാജേന്ദ്രന്റെ കയ്യിലേക്കാണ് പാമ്പ് വീണതെങ്കിലും കടിയേറ്റില്ല. ശബ്ദം കേട്ടുണർന്ന വീട്ടുകാർ വീടിന് പുറത്തുനിന്നിരുന്ന കിച്ചുവിനെ കണ്ടു. ഇതിനകം പാമ്പ് ഹാളിലേക്ക് ഇഴഞ്ഞുപോയിരുന്നു. തുടർന്ന് പാമ്പിനെ തല്ലിക്കൊന്നതിനുശേഷം രാജേന്ദ്രന്‍ വിവരം പൊലീസിനെ അറിയിച്ചു.
ബൈക്കിലെത്തിയ കിച്ചു വാഹനം റോഡിൽ നിർത്തിയശേഷമാണ് വീട്ടിലേക്ക് കയറിയത്. എന്നാല്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ബെെക്ക് സ്റ്റാർട്ട് ആവാത്തതിനെതുടർന്ന് ബെെക്ക് ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞു. ഈ ബെെക്കിന്റെ നമ്പറിലൂടെയാണ് പ്രതിയെ കണ്ടെത്തിയത്.
രാജേന്ദ്രന്റെ മകളെ കിച്ചു ദീർഘകാലമായി ശല്ല്യപ്പെടുത്തിയിരുന്നു. പെൺകുട്ടിയെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് വീട്ടുകാർ കിച്ചുവിനെ നേരിട്ട് വിലക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് പ്രതി കൊലപാതകത്തിന് പദ്ധതിയിട്ടത്. ഇയാൾക്ക് ലഹരിസംഘങ്ങളുമായി മറ്റും ബന്ധമുള്ളതായി കാട്ടാക്കട പൊലീസ് അറിയിച്ചു.