തെലങ്കാനയിൽ പ്രചാരണത്തിനിടെ കെസിആർ പാർട്ടി എംപിക്ക് കുത്തേറ്റു

ഹൈദരാബാദ്: തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എംപി കോത്ത പ്രഭാകർ റെഡ്ഡിക്ക് കുത്തേറ്റു. ഒരു പാസ്റ്ററുടെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് എംപി ആക്രമിക്കപ്പെട്ടത്.

എംപിക്ക് ഹസ്തദാനം നൽകാനെന്ന വ്യാജേന ഒരു അജ്ഞാതൻ അദ്ദേഹത്തിന്റെ അടുത്തേക്ക് നടന്നു വരികയും പെട്ടെന്ന് ഒരു കത്തി പുറത്തെടുത്ത് വയറ്റിൽ കുത്തുകയായിരുന്നു. റാലിക്കിടെ ബിആർഎസ് പ്രവർത്തകർ അക്രമിയെ പിടികൂടി മർദിച്ചു.

അക്രമിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ വിശദാംശങ്ങൾ പരിശോധിച്ചു വരികയാണെന്ന് സിദ്ദിപേട്ട് പൊലീസ് കമ്മീഷണർ എൻ ശ്വേത വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

വയറ്റില്‍ പരിക്കേറ്റ എം.പിയെ ഗജ്‌വേല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഹൈദരാബാദിലെ യശോദ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

നിലവിലെ ബിജെപി എംഎല്‍എ രഘുനാഥനാണ് ദുബ്ബാക്കയില്‍ കോത്ത പ്രഭാകര്‍ റെഡ്ഡിയുടെ എതിരാളി. 2014-ല്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് പ്രഭാകര്‍ റെഡ്ഡി മേധക്കില്‍ മത്സരിച്ച് എം.പിയാവുന്നത്.